സജിത്തിന്റെ അച്ഛന്റെ സഹോദരൻ പവിത്രൻ അയൽവാസിയായ ഷൈജുവുമായി തർക്കമുണ്ടായതറിഞ്ഞാണ് സജിത്ത്, സഹോദരൻ സുജിത്, അയൽവാസി അശ്വിൻ എന്നിവർക്കൊപ്പം കേരളപുരത്തുള്ള പവിത്രന്റെ വീട്ടിലെത്തിയത്. സംഘർഷമുണ്ടായതോടെ പവിത്രൻ കണ്ണനല്ലൂർ പോലീസ് സ്റ്റേഷനിലെത്തി പരാതി പറയുകയും പോലീസ് സ്ഥലത്തെത്തി തർക്കം പരിഹരിച്ച് മടങ്ങുകയും ചെയ്തു. പോലീസ് നിർദേശിച്ച പ്രകാരം സജിത്തും സഹോദരനും മടങ്ങാൻ ശ്രമിക്കുമ്പോഴാണ് വീടിനു സമീപം വടക്കടത്ത്ഏലാ ചങ്ങാതി മുക്ക്റോഡിൽ വെച്ച് പ്രതികൾ ഇവരെ ആക്രമിച്ചത്. വെട്ടിയും കുത്തിയുമാണ് കൊലപ്പെടുത്തിയത്. പോലീസിനെ വിളിച്ചുവരുത്തിയതായിരുന്നു പ്രതികളെ പ്രകോപിപ്പിച്ചത്.
മുറിവേറ്റ് റോഡിൽ കിടന്ന സജിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ പോലും അക്രമിസംഘം അനുവദിച്ചില്ല. കണ്ണനല്ലൂർ പോലീസ് എത്തി പെരുമ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു.സജിത്തിന്റെ സഹോദരൻ സുജിത്ത് (19), അയൽവാസി അശ്വിൻ എന്നിവർക്കും പ്രതികൾക്കും സംഘർഷത്തിൽ പരിക്കേറ്റു. പ്രതികൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. രണ്ടുമാസം മുൻപായിരുന്നു വെൽഡിങ് തൊഴിലാളിയായ സജിത്തിന്റെ വിവാഹം. പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം സജിത്തിന്റെ മൃതദേഹം വൈകീട്ട് പോളയത്തോട് ശ്മശാനത്തിൽ സംസ്കരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു കേസുകൾ പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
