യാത്രയിൽ കൂടെ കൂട്ടി.. കാത്തിരുന്നത് ദുരന്തം നോവോർമ്മയായി ബുഷറ

ദുബായ് -അബുദാബി,വീട്ടുടമസ്ഥരുടെ ബന്ധുക്കൾ ഫെസ്‌റ്റിവൽ കാണാൻ സ്നേഹത്തോടെ വിളിച്ചപ്പോൾ ബുഷറയും കൂടെപ്പോയതായിരുന്നു. ആ യാത്ര മരണത്തിലേക്കായി. 

ചമ്രവട്ടത്തെ കുടുംബത്തോടൊപ്പം 5 വർഷം മുൻപാണ് ബുഷറ ദുബായിലെത്തിയത്. 30 വർഷത്തോളമായി ഈ കുടുംബത്തിൻ്റെ നാട്ടിലെ വീട്ടിൽ ജോലിക്കാരിയായിരുന്നു ബുഷറ. ചമ്രവട്ടത്തെ ലക്ഷംവീട് എന്ന സ്ഥലത്തായിരുന്നു താമസം. കുടുംബം മകളെപ്പോലെ ബുഷറയെ കരുതിയിരുന്നു.
സാമ്പത്തിക നിലമെച്ചപ്പെടുത്താനുള്ള സഹായമായാണ് ദുബായിലേക്ക് ബുഷറയെ കുടുംബം കൊണ്ടുപോയത്.

4 ദിവസം മുൻപ് കുടുംബനാഥയും മക്കളും അവരുടെ ഉമ്മയുടെ ചികിത്സാർഥം നാട്ടിലേക്ക് വന്നിരുന്നു. സാധാരണ ബുഷറയും വരാറുള്ളതാണ്. എന്നാൽ ഇത്തവണ 4 ദിവസം മാത്രമല്ലേയുള്ളൂ എന്നു കരുതി ബുഷറ കൂടെ വന്നില്ല.

കുടുംബനാഥൻ സ്പെയിനിലേക്കു പോയിരുന്നു. ഇതോടെ ദുബായിലെ വീട്ടിൽ ബുഷറ തനിച്ചാണുണ്ടായിരുന്നത്. ഇതിനിടെയാണ് കുടുംബനാഥന്റെ സഹോദരിയും അവരുടെ കുടുംബവും ഇവിടെയെത്തിയത്. ലിവ ഫെസ്റ്റിവൽ കാണാൻപോകാനുള്ള തയാറെടുപ്പിലായിരുന്നു ഇവർ. ഇതിനായി തനിച്ചിരിക്കുന്ന ബുഷറയെയും വിളിച്ചു. അങ്ങനെയാണ് ഇവർ ഒന്നിച്ച് യാത്ര തുടങ്ങിയത്. അത് അപകടത്തിലേക്കും മരണത്തിലേക്കുമുള്ള യാത്രയുമായി. നാട്ടിൽ വാർപ്പിന്റെ പണിക്കു പോകുന്നയാളാണ് ബുഷറയുടെ ഭർത്താവ് ഫയാസ്. ഒരു മകനുണ്ട്. ദുബായിൽ എത്തിയ ശേഷമാണ് ബുഷറയുടെ കുടുംബം നാട്ടിൽ വീട് നിർമിച്ചത്.