തിരുവനന്തപുരം : പൊള്ളുന്ന ചൂടിനിടെ വെള്ളംകുടിക്കാനായി പ്ലാസ്റ്റിക് പാത്രത്തിനുള്ളിൽ തലയിട്ട നായയുടെ കഴുത്തിൽ പാത്രം കുടുങ്ങി. കഴുത്തിൽ കുടുങ്ങിയ പാത്രവുമായി പകൽ മുഴുവൻ കറങ്ങിയ നായയ്ക്ക് ഒടുവിൽ ഫയർഫോഴ്സ് രക്ഷകരായി. ഇന്നലെ ആറ്റിങ്ങൽ ടിബി ജങ്ഷനു സമീപത്താണ് സംഭവം. പാത്രവും തലയിലിട്ട് ടിബി ജങ്ഷന് സമീപം ക്ലബ് റോഡിൽ അലയുന്നതുകണ്ട നാട്ടുകാരാണ് ആദ്യം നായയെ രക്ഷിക്കാൻ ശ്രമിച്ചത്. ഇവർ രാത്രിയോടെ ആറ്റിങ്ങൽ അഗ്നിരക്ഷാ നിലയത്തിൽ വിവരം അറിയിച്ചത്. തുടർന്ന് ഗ്രേഡ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ സി.ആർ മോഹനചന്ദ്രന്റെ നേതൃത്വത്തിൽ ഫയർ ഓഫീസർമാർ സ്ഥലത്തെത്തി. കട്ടർ ഉപയോഗിച്ച് പാത്രം മുറിച്ചു നീക്കിയാണ് ഫയർ ഫോഴ്സ് അംഗങ്ങൾ നായയെ രക്ഷിച്ചത്. കണ്ണ് കാണാനാവാതെ പരിഭ്രാന്തനായ നായയെ കയറുകൊണ്ട് കുടുക്കിട്ടു പിടിച്ച ശേഷമാണ് കട്ടർ ഉപയോഗിച്ച് പാത്രം മുറിച്ചുമാറ്റിയത്.