മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും മുൻ മന്ത്രിയുമായ വി.കെ ഇബ്രാഹിം കുഞ്ഞ് സാഹിബ് വിടവാങ്ങി. എം.എസ്.എഫിലൂടെ രാഷ്ട്രീയരംഗത്തേക്ക് പ്രവേശിച്ച അദ്ദേഹം യൂത്ത് ലീഗ് നേതാവായും തിളങ്ങി. ദീർഘകാലം എറണാകുളം ജില്ല മുസ്‌ലിംലീഗിന്റെ അമരക്കാരനായിരുന്നു. എറണാകുളത്തും തെക്കൻ ജില്ലകളിലും മുസ്‌ലിംലീഗ് പ്രസ്ഥാനത്തിന്റെ വളർച്ചക്കും മുന്നേറ്റത്തിനും നിസ്തുല സംഭാവനകൾ നൽകി. 2011 മുതൽ 2016 വരെ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായും 2005ൽ വ്യവസായ വകുപ്പ് മന്ത്രിയായും ഭരണരംഗത്തും മികവ് തെളിയിച്ചു. 2012ൽ ഡെക്കാൻ ക്രോണിക്കിളിന്റെ മികച്ച മന്ത്രി എന്ന അംഗീകാരം നേടി. കളമശ്ശേരി നിയോജക മണ്ഡലത്തിന്റെ ജനകീയ എം.എൽ.എ ആയിരുന്നു. സാധാരണക്കാർക്ക് എപ്പോഴും ആശ്രയിക്കാവുന്ന വ്യക്തിത്വം എന്ന നിലയിലാണ് പൊതുരംഗത്ത് അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചത്.
2012 കേരള രത്‌ന പുരസ്‌കാരം, ബെസ്റ്റ് മിനിസ്റ്റർ ഓഫ് 2013 കേളീ കേരള പുരസ്‌കാരം, യു.എസ്.എ ഇന്റർനാഷണൽ റോഡ് ഫെഡറേഷൻ അവാർഡ് തുടങ്ങി നിരവധി അംഗീകാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. കൊച്ചിൻ ഇന്റർ നാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ ഡയറക്ടർ, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല സിന്റിക്കേറ്റ് മെമ്പർ, ഗ്രേറ്റർ കൊച്ചിൻ ഡെവലപ്പ്‌മെന്റ് അതോറിറ്റി എക്‌സിക്യൂട്ടീവ് കമ്മറ്റി മെമ്പർ തുടങ്ങിയ ഉന്നത സ്ഥാനങ്ങൾ വഹിച്ചു. ചന്ദ്രിക ദിനപത്രത്തിന്റെ ഡയറക്ടർ ബോർഡ് അംഗം, കൊച്ചി എഡിഷൻ ഗവേണിംഗ് ബോഡി ചെയർമാൻ എന്നീ സ്ഥാനങ്ങളിലുമുണ്ടായിരുന്നു. എറണാകുളം ജില്ലയിലെ കൊങ്ങോർപ്പിള്ളിയിൽ വി.യു ഖാദറിന്റെയും ചിത്തുമ്മയുടേയും മകനായി 1952 മെയ് 20ന് ജനിച്ചു. ഭാര്യ നദീറ. മകൻ അഡ്വ. വി.ഇ അബ്ദുൾ ഗഫൂർ എറണാകുളം ജില്ലാ മുസ്ലിംലീഗ് ജനറൽ സെക്രട്ടറിയാണ്. വി.ഇ ആബ്ബാസ്, വി.ഇ അനൂപ് എന്നിവരാണ് മറ്റു മക്കൾ.
