*ശബരിമല സ്വർണ്ണക്കൊള്ള: പ്രതികളുടെ അക്കൗണ്ട് മരവിപ്പിച്ചു, പ്രശാന്തിന്‍റെ കാലത്തെ ഇടപാടും അന്വേഷിക്കാൻ ഹൈക്കോടതി നിർദ്ദേശം*

കൊച്ചി: ശബരിമല സ്വർണ്ണകൊള്ളയില്‍ നിലപാട് കടുപ്പിപ്പ് ഹൈക്കോടതി. സ്വർണപ്പാളികൾ മാറ്റിയിട്ടുണ്ടെന്ന സംശയം പ്രകടിപ്പിച്ച കോടതി, എസ്ഐടിക്ക് ഇന്ന് സുപ്രധാനമായ നിർദ്ദേശങ്ങളും നൽകിയ. പി എസ് പ്രശാന്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റായിരുന്ന കാലത്തെ ഇടപാടുകളും അന്വേഷിക്കാൻ നിർദ്ദേശിച്ചു. പ്രധാന പ്രതികളുടെയെല്ലാം ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചു. നാളെ ശബരിമലയിൽ വീണ്ടും പരിശോധന നടത്താൻ എസ്ഐടിക്ക് കോടതി അനുമതി നല്‍കി. വാതിൽപാളി അടക്കം അളക്കാനും പരിശോധിക്കാനുമാണ് അനുമതി.

ശബരിമലയിൽ നടന്നത് വൻ കൊള്ളയെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം. സ്വർണ്ണക്കൊള്ള മാത്രമല്ല, സ്വർണ്ണപ്പാളി തന്നെ മാറ്റിയോ എന്നതടക്കമുള്ള സംശയം ബലപ്പെടുത്തുന്നതാണ് പരിശോധനാ റിപ്പോർട്ടെന്ന് കോടതി നിരീക്ഷിച്ചു. ഇക്കാര്യത്തിൽ പരിശോധന നടത്തിയ വിഎസ്‌എസ്‌സിയിലെ ഉദ്യോഗസ്ഥരുടെ വിശദമായ മൊഴിയെടുക്കണമെന്ന് കോടതി നിർദേശിച്ചു. പാളികൾ മാറ്റിയിട്ടുണ്ടോ എന്നതിൽ വ്യക്തത ഉണ്ടാക്കാൻ ശാസ്ത്രീയ പരിശോധന നടത്തിയ ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കണം. പാളികൾ പുതിയതാണോ പഴയതാണോ എന്നറിയാൻ പരിശോധന നടത്താനും കോടതി നിർദ്ദേശിച്ചു. ഫെബ്രുവരി 9 ന് വീണ്ടും കേസ് പരിഗണിക്കും. അതിന് മുന്നേ പഴയ വാതിലടക്കം പരിശോധിക്കണം. വിഎസ്എസ്‌സിയുടെ പരിശോധന റിപ്പോർട്ട്‌ സാങ്കേതിക സ്വഭാവം ഉള്ളതാണ്. വിഷയത്തില്‍ കൂടുതൽ വ്യക്തത വരണം. ആവശ്യമെങ്കിൽ മറ്റ് സാങ്കേതിക വിദഗ്ധരുടെ ഉപദേശവും സ്വീകരിക്കാം എന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.