ശബരിമല: ദർശനപുണ്യവുമായി പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു. മകരവിളക്ക് ദർശിച്ച് ഭക്തലക്ഷങ്ങൾ. തിരുവാഭരണം ചാർത്തിയുള്ള ദീപാരാധനക്ക് ശേഷമാണ് മകരജ്യോതി ദൃശ്യമായത്. 6.40ഓടെയാണ് മകരജ്യോതി ദൃശ്യമായത്. ശരണമുഖരിതമായിരുന്നു സന്നിധാനം. ശരണം വിളികളുമായി കാത്തിരുന്ന അയ്യപ്പഭക്തരാണ് ദര്‍ശനപുണ്യം നേടിയ സംതൃപ്തിയോടെ ഇനി മലയിറങ്ങുക. മകരവിളക്കിന് മുന്നോടിയായി നേരത്തെ തന്നെ ശബരിമല സന്നിധാനവും വ്യൂ പോയന്റുകളും തീര്‍ത്ഥാടകരാല്‍ നിറഞ്ഞിരുന്നു.6.30ഓടെയാണ് തിരുവാഭരണ ഘോഷയാത്ര സന്നിധാനത്ത് എത്തിയത്.
മകരസംക്രമസന്ധ്യയില്‍ അയ്യപ്പനു ചാര്‍ത്താനുള്ള തിരുവാഭരണങ്ങളുമായി പന്തളത്തുനിന്നെത്തിയ ഘോഷയാത്ര അഞ്ചുമണിയോടെ ശരംകുത്തിയിലെത്തിയിരുന്നു. അവിടെനിന്ന് ദേവസ്വം പ്രതിനിധികള്‍ യാത്രയെ വാദ്യമേളങ്ങള്‍, വെളിച്ചപ്പാട് എന്നിവയുടെ അകമ്പടിയോടെ സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിച്ചു.പതിനെട്ടാംപടി കയറി സോപാനത്ത് എത്തുമ്പോള്‍ തന്ത്രി കണ്ഠര് മഹേഷ് മോഹനരും മേല്‍ശാന്തി ഇഡി പസാദ് നമ്പൂതിരിയും ചേര്‍ന്ന് ഏറ്റുവാങ്ങി, തുടര്‍ന്ന് ദീപാരാധനയ്ക്കായി നട അടച്ചു. തിരുവാഭരണം ചാര്‍ത്തി ദീപാരാധന നടക്കുമ്പോള്‍ കിഴക്കന്‍ ചക്രവാളത്തില്‍ മകര നക്ഷത്രം തെളിഞ്ഞു. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍, അയ്യപ്പദര്‍ശനത്തിനായി ആയിരക്കണക്കിനു തീര്‍ഥാടകരാണ് എത്തിയത്.
