വിമാനങ്ങളിൽ പവർ ബാങ്ക് നിയന്ത്രണം കടുപ്പിച്ചു; കൈയ്യിലിരിക്കുന്ന ലഗേജിൽ മാത്രം അനുമതി

ന്യൂഡൽഹി: യാത്രക്കിടെ ലിഥിയം ബാറ്ററികൾ ചൂടുപിടിച്ച് തീപിടിത്തം ഉണ്ടാകുന്ന സാഹചര്യത്തിൽ വിമാനങ്ങളിൽ പവർ ബാങ്ക് ഉപയോഗത്തിൽ ഡയർക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇനി പവർ ബാങ്കുകളും അധിക ബാറ്ററികളും കൈയ്യിലിരിക്കുന്ന (കാബിൻ) ലഗേജുകളിൽ മാത്രം കൊണ്ടുപോകാൻ അനുവദിക്കും. സീറ്റിനോട് ചേർന്നുള്ള പവർ സപ്ലൈ സിസ്റ്റത്തിൽ നിന്ന് ഡിവൈസുകൾ ചാർജ് ചെയ്യുന്നതും നിരോധിച്ചിട്ടുണ്ട്.

ഒക്ടോബറിൽ ദീമാപൂരിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ യാത്രക്കാരന്റെ പവർ ബാങ്ക് കത്തി തീപിടിച്ചതിനെ തുടർന്ന് ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം അടിയന്തിരമായി ഇറക്കിയിരുന്നു. സംഭവത്തിൽ ആർക്കും പരിക്കുകളില്ലായിരുന്നു.
യാത്രക്കിടെ ഇലക്ട്രോണിക് ഉപകരണങ്ങൾ അസാധാരണമായി ചൂടുപിടിക്കുക, പുക ഉയരുക, അല്ലെങ്കിൽ ഗന്ധം അനുഭവപ്പെടുക തുടങ്ങിയ സാഹചര്യം ഉണ്ടായാൽ ഉടൻ കാബിൻ ക്രൂവിനെ അറിയിക്കണമെന്ന് ഡിജിസിഎ യാത്രക്കാരോട് നിർദേശിച്ചു.

നിലവിൽ 100 വാട്ടിൽ താഴെയുള്ള പവർ ബാങ്കുകൾക്ക് മാത്രമാണ് വിമാനത്തിൽ അനുമതി. മുൻപ് എമിറേറ്റ്‌സ് എയർലൈൻസ് പവർ ബാങ്കുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. സിംഗപ്പൂർ എയർലൈൻസും ഖത്തർ എയർവേയ്സും സമാന നടപടികൾ ഇതിനകം സ്വീകരിച്ചിട്ടുണ്ട്.

യാത്രക്കാരുടെയും വിമാനങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായാണ് പുതിയ നിർദേശങ്ങളെന്ന് ഡിജിസിഎ അറിയിച്ചു.