തിരുവനന്തപുരം ശ്രീകാര്യത്ത് കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഇന്ന് വിവാഹം കഴിക്കാനിരിക്കെയാണ് യുവാവിൻ്റെ അപകട മരണം. ചെമ്പഴന്തി ചെല്ലമംഗലം സ്വദേശി രാഗേഷ് (28) ആണ് മരിച്ചത്. വെളുപ്പിന് ഒരു മണിയോടെ പാങ്ങപ്പാറ മാങ്കുഴിയിലായിരുന്നു അപകടം. കണിയാപുരം ഡിപ്പോയിൽ ചാർജ് ചെയ്ത ശേഷം വികാസ് ഭവനിലേക്ക് പോയ കെഎസ്ആർടിസി സ്വിഫ്റ്റ് ഇലക്ട്രിക് ബസ്സും ബൈക്കുമാണ് കൂട്ടിയിടിച്ചത്. അമിത വേഗതയിൽ എത്തിയ ബൈക്ക് സ്വിഫ്റ്റ് ബസ്സിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇയാൾ ഹെൽമെറ്റ് ധരിച്ചിട്ടില്ലായിരുന്നു.
കാട്ടായിക്കോണം സ്വദേശിനിയെ ഇന്ന് വിവാഹം കഴിക്കാനിരിക്കുകയായിരുന്നു രാഗേഷ്. പ്രണയ വിവാഹം ഇരു വീട്ടുകാരും അനുകൂലിക്കാത്തതിനാൽ അമ്പലത്തിൽ താലി കെട്ടി രജിസ്റ്റർ ചെയ്യാൻ തീരുമാനിച്ചിരുന്നു. അതിനായി ചന്തവിളയിൽ വീടും വാടകയ്ക്ക് എടുത്തിരുന്നു.ഇന്നലെ രാത്രി ബന്ധു വീട്ടിൽ പോയി മടങ്ങുമ്പോഴായിരുന്നു അപകടം. ഇടിയിൽ രാഗേഷിൻ്റെ തല പൊട്ടിച്ചിതറിയ അവസ്ഥയിലായിരുന്നു. ബൈക്കും പൂർണ്ണമായും തകർന്നു. ശ്രീകാര്യം പോലീസ് കേസെടുത്തു.
