നെയ്യാറ്റിൻകരയിൽ ഒരു വയസുള്ള കുഞ്ഞ് കുഴഞ്ഞു വീണു മരിച്ച സംഭവം: മാതാപിതാക്കളുടെ മൊ‍ഴിയില്‍ അടിമുടി ദുരൂഹതയെന്ന് പൊലീസ്

നെയ്യാറ്റിൻകരയിൽ ഒരു വയസുള്ള കുഞ്ഞ് കുഴഞ്ഞു വീണു മരിച്ച സംഭവത്തില്‍ അടിമുടി ദുരൂഹതയെന്ന നിഗമനത്തിൽ പൊലീസ്. കുഞ്ഞിൻ്റെ കൈക്കേറ്റ പൊട്ടലിൽ സംശയമെന്ന് കാരക്കോണം സി എസ് ഐ മെഡിക്കൽ കോളേജിലെ ഡോക്ടറാണ് മൊഴി നൽകിയത്. മാതാപിതാക്കൾ പറഞ്ഞത് ഒരാഴ്ച മുൻപ് സംഭവിച്ച പരിക്കെന്നാണ്. എന്നാൽ മൂന്നാഴ്ച മുൻപാണ് പൊട്ടൽ ഉണ്ടായതെന്നു ഡോക്ടര്‍ നിർണായക മൊഴി നല്‍കി.

ചോദ്യം ചെയ്യലിൽ മാതാപിതാക്കൾ പറഞ്ഞ മൊഴികളിലും വൈരുദ്ധ്യമുണ്ട്. അച്ഛനും അമ്മയും കുട്ടിയുടെ പരിക്കിനെക്കുറിച്ച് പറഞ്ഞത് രണ്ടു കാര്യങ്ങളാണ്. ഷിജിന് കുട്ടിയോട് താൽപര്യ കുറവുണ്ടായിരുന്നുവെന്ന് പൊലീസിന് തെളിവ് ലഭിച്ചു. കൂടുതൽ വകുപ്പുകൾ ചേർക്കുമെന്നും എഫ് ഐ ആറില്‍ കൂടുതൽ വകുപ്പുകൾ ചേർക്കുന്നത് ആലോചനയിലെന്ന് പൊലീസ് പറഞ്ഞു. മാതാപിതാക്കളെ വീണ്ടും ചോദ്യം ചെയ്യുന്നതായിരിക്കും.
ബിസ്കറ്റ് കഴിച്ചതിന് പിന്നാലെ ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് ഒരു വയസ്സുകാരനായ ഇഹാൻ കുഴഞ്ഞു വീണു മരിച്ചത്. പിതാവ് ഷിജിൽ വാങ്ങി കൊണ്ടുവന്ന ബിസ്ക്കറ്റ് ഭാര്യ കൃഷ്ണപ്രിയ കുഞ്ഞിന് നൽകിയതിനു പിന്നാലെയാണ് കുഞ്ഞ് കുഴഞ്ഞ് വീണത്.