*വീട്ടിലെത്തിയ പുലിയെ പിടികൂടി കെട്ടിയിട്ട് വീട്ടമ്മ; അന്തംവിട്ട് നാട്ടുകാരും വനംവകുപ്പും*

ജനവാസ മേഖലകളില്‍ വന്യമൃഗങ്ങള്‍ ഇറങ്ങുന്നത് നമ്മുടെ കേരളത്തില്‍ ഉള്‍പ്പെടെ ഇന്ന് പതിവ് സംഭവമാണ്. മനുഷ്യ ജീവന്‍ പോലും നഷ്ടപ്പെടുന്ന നിരവധി സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ രാജസ്ഥാനിലെ ഒരു വീട്ട് മുറ്റത്ത് എത്തിയ പുലിക്ക്

സംഭവിച്ച കാര്യവും അതിന്റെ വീഡിയോയുമാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് സംഭവം. വീട്ടിലെത്തിയ പുലിയെ പിടികൂടിയ വീട്ടമ്മ അതിനെ കെട്ടിയിടുകയായിരുന്നു.പുലിയുടെ വലത് കാലില്‍ കയറ് കൊണ്ടാണ് വീട്ടമ്മ കെട്ടിയിട്ടത്. എന്നാല്‍ അക്രമകാരിയായ ജിവിയുടെ കടിയേല്‍ക്കാതെ എങ്ങനെയാണ് അതിനെ കെട്ടിയിട്ടത് എന്നാണ് ഇപ്പോഴും സമൂഹമാദ്ധ്യമങ്ങളിലെ ചര്‍ച്ച. വീട്ടമ്മയ്ക്ക് ധീരതയ്ക്കുള്ള പുരസ്‌കാരം കൊടുക്കണമെന്ന ആവശ്യവും സമൂഹമാദ്ധ്യമങ്ങളില്‍ ശക്തമാണ്. രാജസ്ഥാനിലെ ഉദയ്പൂരിലെ ഒരു വീട്ടിലാണ് പുലി എത്തിയത്. പുതപ്പ് ഉപയോഗിച്ച് അതിന്റെ മുഖം മറച്ച ശേഷം കൈയില്‍ കിട്ടിയ കയറുകൊണ്ട് കാലില്‍ കെട്ടുകയും പിന്നീട് വീടിന്റെ മുന്‍വശത്തെ വാതിലില്‍ കെട്ടിയിടുകയുമായിരുന്നു.ഇതിന് ശേഷം വനംവകുപ്പിനെ വിളിച്ച് കാര്യം അറിയിക്കുകയും ചെയ്തു. സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വീടിനുള്ളില്‍ കൂട് സ്ഥാപിച്ച ശേഷം പുലിയെ പിടികൂടുകയായിരുന്നു. വീട്ടമ്മയുടെ ധൈര്യത്തെ പ്രദേശവാസികളും വനം വകുപ്പ് ഉദ്യോഗസ്ഥരും പുകഴ്ത്തി. കൃത്യമായി ഇടപെടല്‍ നടത്തി വീട്ടമ്മ പുലിയെ പിടികൂടിയത് കാരണം നിരവധിപേര്‍ ജീവിയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു. ഇതോടെയാണ് വീട്ടമ്മയ്ക്ക് ധീരതയ്ക്കുള്ള പുരസ്‌കാരം നല്‍കണം എന്ന ആവശ്യം ശക്തമായത്.