തിരുവനന്തപുരം: സ്ഥാനാര്‍ത്ഥിയുടെ മരണത്തെതുടര്‍ന്ന് മാറ്റിവെച്ച തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞം വാര്‍ഡിൽ യുഡിഎഫിന് ജയം. 83 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് യുഡിഎഫിന്‍റെ കെഎച്ച് സുധീര്‍ഖാന്‍റെ വിജയം. വിഴിഞ്ഞം വാര്‍ഡിലെ വിജയം ഉറപ്പാക്കി സ്വന്തം നിലയിൽ കോര്‍പ്പറേഷനിൽ കേവല ഭൂരിപക്ഷം തികക്കാമെന്ന ബിജെപിയുടെ പ്രതീക്ഷകള്‍ക്കാണ് തിരിച്ചടിയേറ്റത്. ഒപ്പം സീറ്റ് നിലനിര്‍ത്താൻ ഉറച്ച് മത്സരത്തിനിറങ്ങിയ എൽഡിഎഫിനും കനത്ത തിരിച്ചടിയാണ്. ഏറെക്കാലത്തിനുശേഷമാണ് വിഴിഞ്ഞം വാര്‍ഡ് യുഡിഎഫ് തിരിച്ചുപിടിക്കുന്നത്. ഇതോടെ തിരുവനന്തപുരം കോര്‍പ്പറേഷനിൽ യുഡിഎഫിന്‍റെ കക്ഷി നില 20 ആയി ഉയര്‍ന്നു. 2015ലാണ് കോണ്‍ഗ്രസിൽ നിന്ന് എൽഡിഎഫ് വിഴിഞ്ഞം സീറ്റ് പിടിച്ചെടുക്കുന്നത്. അതിനുശേഷം ഇപ്പോഴാണ് യുഡിഎഫ് വിഴിഞ്ഞത്ത് വിജയിക്കുന്നത്. ഇന്നലെയാണ് വിഴിഞ്ഞം വാര്‍ഡിൽ വോട്ടെടുപ്പ് നടന്നത്. ഇന്ന് രാവിലെ പത്തിനാണ് വോട്ടെടുപ്പ് ആരംഭിച്ചത്.