സി ജെ റോയിയുടെ സംസ്‌കാരം ഇന്ന്; മരണത്തില്‍ പൊലീസ് അന്വേഷണം തുടരുന്നു

ബെംഗളൂരു: അന്തരിച്ച കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ സംസ്‌കാരം ഇന്ന്. സഹോദരന്റെ വീട് സ്ഥിതി ചെയ്യുന്ന കോറമംഗലയില്‍ ആയിരിക്കും സംസ്‌കാരം. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം രാവിലെ 9 മണിയോടെ ബെംഗളൂരു ബോറിംഗ് ആശുപത്രിയില്‍ നിന്ന് മൃതദേഹം കോറമംഗലയിലെത്തിക്കും. സഹോദരന്‍ സി ജെ ബാബുവിന്റെ വീട്ടില്‍ ഉച്ചയ്ക്ക് ഒരു മണി വരെ പൊതുദര്‍ശനം ഉണ്ടാകും. തുടര്‍ന്നാകും സംസ്‌കാരം.

മരണത്തില്‍ പൊലീസ് അന്വേഷണം തുടരുന്നു. ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥരുടെ സമ്മര്‍ദമാണ് മരണത്തിന് കാരണമെന്ന് കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഡയറക്ടര്‍ ടി ജെ ജോസഫ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ കൊച്ചിയില്‍ നിന്നെത്തിയ ഐടി ഉദ്യോഗസ്ഥരുടെ മൊഴി ഇന്നെടുത്തേക്കും. കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉദ്യോഗസ്ഥരുടേയും കുടുംബാംഗങ്ങളുടെയും മൊഴിയും പൊലീസ് ഇന്ന് രേഖപ്പെടുത്തും. ഡോ. സി ജെ റോയിയുടെ ഫോണുകളുടെ വിശദമായ പരിശോധനയും ഇന്ന് നടക്കും. ബെംഗളൂരു സെന്‍ട്രല്‍ ഡിസിപിക്കാണ് അന്വേഷണ ചുമതല.
കോണ്‍ഫിഡന്റ് പെന്റഗന്‍ കോര്‍പ്പറേറ്റ് ഓഫീസില്‍ വെച്ചാണ് റോയ് ആത്മഹത്യ ചെയ്തത്. സ്വയം വെടിയുതിര്‍ത്ത് മരിക്കുകയായിരുന്നു. എഫ്എസ്എല്‍ ലാബ് ഉദ്യോഗസ്ഥരും അശോക് നഗര്‍ പൊലീസും സ്ഥലത്ത് വിശദമായി പരിശോധന നടത്തുകയാണ്. വെടിവെച്ച തോക്ക് കസ്റ്റഡിയില്‍ എടുത്തു.