*കൈക്കൂലി ആരോപണം: ഇഡി ഡെപ്യൂട്ടി ഡയറക്ടർ പി രാധാകൃഷ്ണനെ സർവീസിൽ നിന്ന് നീക്കി*

തിരുവനന്തപുരം: നയതന്ത്ര സ്വര്‍ണക്കടത്ത് അന്വേഷിച്ച ഉദ്യോഗസ്ഥനും ഇഡി ഡെപ്യൂട്ടി ഡയറക്ടറുമായ പി രാധാകൃഷ്ണനെ സർവീസിൽ നീക്കി ധനകാര്യമന്ത്രാലയം ഉത്തരവിറക്കി. കൈക്കൂലിയടക്കം നിരവധി ആക്ഷേപങ്ങളില്‍ രാധാകൃഷ്ണനെതിരെ അന്വേഷണം നടന്നിരുന്നു. ഇതിനെ തുടർന്നാണ് നിര്‍ബന്ധിത വിരമിക്കലിന് നിര്‍ദേശിച്ചത്. മുൻപും നിരവധി ആക്ഷേപങ്ങള്‍ നേരിട്ടിട്ടുള്ള ഉദ്യോഗസ്ഥനാണ് പി രാധാകൃഷ്ണൻ. തിരുവനന്തപുരം സ്വദേശിയായ ഇദ്ദേഹം നിലവിൽ ജമ്മു കാശ്മീരിൽ ഡെപ്യൂട്ടി ഡയറക്ടറായി ജോലി ചെയ്യുകയായിരുന്നു. ധനകാര്യ വകുപ്പിന്‍റെ ആഭ്യന്തര അന്വേഷണത്തിൽ ഇദ്ദേഹത്തിനെതിരായ നിരവധി ആക്ഷേപങ്ങളിൽ പലതും ശരിയെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് നിര്‍ബന്ധിതമായ പിരിച്ചുവിടൽ നടത്തിയിരിക്കുന്നത്.