മുംബൈ: രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങള്‍ (ഇ.വി) ഏറ്റവുമധികം സ്വീകരിക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം രണ്ടാം സ്ഥാനത്തെത്തി. എന്‍വിറോകാറ്റലിസ്റ്റ് പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ട് പ്രകാരം, കഴിഞ്ഞ വര്‍ഷം കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത മൊത്തം വാഹനങ്ങളില്‍ ഇലക്ട്രിക് വാഹനങ്ങളുടെ പങ്കാളിത്തം 12.08 ശതമാനമാണ്. ഈ പട്ടികയില്‍ ഡല്‍ഹി മാത്രമാണ് കേരളത്തിന് മുന്നിലുള്ളത്.
കഴിഞ്ഞ വര്‍ഷം കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തത് 8,78,591 വാഹനങ്ങളാണ്. ഇതില്‍ 1,06,111 എണ്ണം ഇലക്ട്രിക് വാഹനങ്ങളായിരുന്നു. ഡല്‍ഹിയില്‍ 8,17,705 വാഹനങ്ങള്‍ വിറ്റതില്‍ 1,13,742 എണ്ണം ഇലക്ട്രിക് വാഹനങ്ങളാണ്. അവിടെ ഇ.വികളുടെ പങ്കാളിത്തം 13.91 ശതമാനമാണ്.
കര്‍ണാടക 10.64 ശതമാനവുമായി മൂന്നാം സ്ഥാനത്തും, ഉത്തര്‍പ്രദേശ് 9.89 ശതമാനവുമായി നാലാം സ്ഥാനത്തും, മധ്യപ്രദേശ് 8.23 ശതമാനവുമായി അഞ്ചാം സ്ഥാനത്തുമുണ്ട്. 2022ല്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത മൊത്തം വാഹനങ്ങളില്‍ ഇലക്ട്രിക് വാഹനങ്ങളുടെ പങ്കാളിത്തം വെറും അഞ്ച് ശതമാനമായിരുന്നു. സംസ്ഥാനത്ത് ഇ.വി നയം നടപ്പാക്കിയതും ചാര്‍ജിങ് സൗകര്യങ്ങള്‍ വ്യാപകമായതുമാണ് ഈ വളര്‍ച്ചയ്ക്ക് പ്രധാന കാരണങ്ങളെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
കേരളത്തിലെ ഇ.വി വിപണിയെ വ്യത്യസ്തമാക്കുന്ന ഒരു പ്രധാന ഘടകം, വില്‍പന നടത്തിയ ഇലക്ട്രിക് കാറുകളും സ്‌കൂട്ടറുകളും 93.4 ശതമാനവും സ്വകാര്യ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് ഉപയോഗിക്കുന്നതെന്നതാണ്. എന്‍വിറോകാറ്റലിസ്റ്റിന്റെ സ്ഥാപകനും മുഖ്യ അനലിസ്റ്റുമായ സുനില്‍ ദാഹിയയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കര്‍ണാടകയിലും ഇതേ ശതമാനം ഇ.വികള്‍ സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നുണ്ടെങ്കിലും, അവിടെ 84 ശതമാനവും ടൂവീലറുകളും വെറും ഒമ്പത് ശതമാനം മാത്രമാണ് കാറുകള്‍.
അതേസമയം, കേരളത്തില്‍ ഇലക്ട്രിക് വാഹനങ്ങളില്‍ 76 ശതമാനം ടൂവീലറുകളും 18 ശതമാനം കാറുകളുമാണ്. സംസ്ഥാനത്തെ ഇടത്തരക്കാരായ നിരവധി കുടുംബങ്ങള്‍ ഇ.വി കാറുകള്‍ വാങ്ങുന്നുവെന്നതിന്റെ സൂചനയാണിതെന്നും ദാഹിയ പറഞ്ഞു. ഡല്‍ഹി മാത്രമാണ് കേരളത്തിന് മുന്നിലുള്ളത്
സംസ്ഥാനത്തെ ഇലക്ട്രിക് ടൂവീലര്‍ വിപണിയില്‍ ഏഥര്‍ എനര്‍ജിയാണ് ഒന്നാം സ്ഥാനത്ത്. ഏഥറിന് 29 ശതമാനവും ബജാജ് ഓട്ടോക്ക് 24 ശതമാനവും ടി.വി.എസ് മോട്ടോറിന് 19 ശതമാനവും വിപണി പങ്കാളിത്തമുണ്ട്. ഒല ഇലക്ട്രിക്കിന്റെ പങ്കാളിത്തം 12 ശതമാനമാണ്.
ഇലക്ട്രിക് കാറുകളുടെ വിപണിയില്‍ ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റിയാണ് മുന്നില്‍. കമ്പനിക്ക് 53 ശതമാനം വിപണി പങ്കാളിത്തമുണ്ട്. ജെ.എസ്.ഡബ്ല്യു എം.ജി മോട്ടോര്‍ 26 ശതമാനവും മഹിന്ദ്ര ഇലക്ട്രിക് ഓട്ടോമൊബൈല്‍ 11 ശതമാനവും പങ്കാളിത്തം കൈവശം വയ്ക്കുന്നു.
ഇലക്ട്രിക് വാഹനങ്ങളെ കുറിച്ചുള്ള ഉയര്‍ന്ന അവബോധമാണ് കേരളത്തില്‍ പല കമ്പനികളും മികച്ച വില്‍പന നേട്ടം കൈവരിക്കാന്‍ കാരണമാകുന്നതെന്ന് ഇലക്ട്രിക് ടൂവീലര്‍ കമ്പനിയായ ബി.എന്‍.സി മോട്ടോറിന്റെ സി.ഇ.ഒ അനിരുദ്ധ് രവി നാരായണന്‍ പറഞ്ഞു. ഇലക്ട്രിക് വാഹനങ്ങളും വില കൂടിയ ഉല്‍പ്പന്നങ്ങളും സ്റ്റാറ്റസ് സിംബോളായി ജനങ്ങള്‍ കാണുന്ന പ്രവണതയുണ്ടെന്നും, സംസ്ഥാനത്ത് ചാര്‍ജിങ് സൗകര്യങ്ങള്‍ വ്യാപകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
