*സംസ്ഥാനത്ത് വീണ്ടും എന്‍ഐഎ റെയ്ഡ്*

കൊച്ചി: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ റെയ്ഡ്. നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ, എസ്ഡിപിഐ എന്നിവയുടെ മുന്‍ ഭാരവാഹികളുടെ വീടുകളിലും ഓഫീസുകളിലുമാണ് പുലര്‍ച്ചെ മുതല്‍ റെയ്ഡ് ആരംഭിച്ചത്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും നിരോധിത സംഘടനയുടെ പുനരുജ്ജീവന ശ്രമങ്ങള്‍ക്കും സാമ്പത്തിക സഹായം ലഭിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്നാണ് നടപടി. തൃശൂർ, എറണാകുളം, മലപ്പുറം, തിരുവനന്തപുരം ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ 20 ഇടങ്ങളിലായാണ് പരിശോധന. മുൻപ് നടന്ന റെയ്ഡുകളില്‍ അറസ്റ്റിലായവരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം. പരിശോധന നടക്കുന്ന ഇടങ്ങളില്‍ സുരക്ഷയ്ക്കായി കേന്ദ്രസേനയെയും വിന്യസിച്ചിട്ടുണ്ട്.