ന്യൂഡൽഹി: കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഡൽഹിയിലെ വിവിധ പ്രദേശങ്ങളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് (ഐഎംഡി) റെഡ് അലർട്ടും ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. ഇടിമിന്നലോടുകൂടിയ മഴയും ശക്തമായ കാറ്റും തുടരുമെന്നാണു മുന്നറിയിപ്പ്.
വടക്കൻ ഡൽഹി, വടക്കുപടിഞ്ഞാറൻ ഡൽഹി, മധ്യ ഡൽഹി, വടക്കുകിഴക്കൻ ഡൽഹി, പടിഞ്ഞാറൻ ഡൽഹി, തെക്കുപടിഞ്ഞാറൻ ഡൽഹി എന്നിവിടങ്ങളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത ഒരു മണിക്കൂറിനുള്ളിൽ മണിക്കൂറിൽ 40 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റുവീശാനും ഇടിമിന്നലോടുകൂടിയ മഴ ലഭിക്കാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതേസമയം, സൗത്ത് ഈസ്റ്റ് ഡൽഹി, സൗത്ത് ഡൽഹി, ന്യൂഡൽഹി, ഷഹ്ദാര, കിഴക്കൻ ഡൽഹി മേഖലകളിൽ മിതമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
നോയ്ഡ, ഗുരുഗ്രാം, ഗാസിയാബാദ് എന്നീ സമീപ പ്രദേശങ്ങളിൽ പകൽ സമയത്ത് മേഘാവൃതമായ അന്തരീക്ഷം തുടരുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴയും പ്രതികൂല കാലാവസ്ഥയും തുടരുന്ന പശ്ചാത്തലത്തിൽ ഡൽഹി വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ആകാശ എയർ, ഇൻഡിഗോ, സ്‌പൈസ് ജെറ്റ് എന്നിവയുൾപ്പെടെയുള്ള മുൻനിര വിമാനക്കമ്പനികൾ യാത്രാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച രാവിലെ ഡൽഹിയിലെ ചില ഭാഗങ്ങളിൽ മിതമായ മഴ ലഭിച്ചിരുന്നു. മഴ തുടർന്നേക്കാമെന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് കാലാവസ്ഥ വകുപ്പ് നിർദേശിച്ചു. മഴ തുടരുന്നതോടെ ഏറ്റവും മോശം നിലയിലേക്ക് താഴ്ന്ന അന്തരീക്ഷ വായു ഗുണനിലവാരം മെച്ചപ്പെടാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.
ഈ വാരാദ്യത്തിന്റെ തുടക്കത്തിൽ ഒരു ദിവസം നീണ്ടുനിന്ന ശക്തമായ മഴയ്ക്ക് പിന്നാലെയാണ് തലസ്ഥാനത്ത് വീണ്ടും മഴ ശക്തമായത്....
