പന്തളം NSS കോളേജിന്റെ വരാന്തകളിലൂടെ പുസ്തകങ്ങളും മാറോടു ചേർത്ത് നടന്നൊരു നാട്ടിൻപുറത്തുകാരി സുന്ദരി പെൺകുട്ടിയുണ്ടായിരുന്നു; പേര് ദിവ്യ രാജൻ. BA പൊളിറ്റിക്സ് ബിരുദധാരിയായ, കണ്ണുനിറയെ സ്വപ്നങ്ങളുണ്ടായിരുന്ന ഒരു മിടുക്കികുട്ടി. ശാസ്ത്രജ്ഞയാകണമെന്നും സിനിമയിൽ അഭിനയിക്കണമെന്നും ചിത്രകാരിയാകണമെന്നുമൊക്കെ കൊതിച്ച ആ പെൺകുട്ടിക്ക് പക്ഷെ ജീവിതം കാത്തുവെച്ചത് മറ്റൊന്നായിരുന്നു.
വിശപ്പിന്റെ വിളിക്ക് മുന്നിൽ സർട്ടിഫിക്കറ്റുകൾക്ക് എന്ത് വിലയാണുള്ളത്? ജീവിക്കാൻ വേണ്ടി, കുടുംബം പട്ടിണിയിലാവാതിരിക്കാൻ ആ ബിരുദധാരി ചെയ്യാത്ത ജോലികളില്ല. കൊയ്ത്തുപാടത്തെ ചെളിയിലും വെയിലിലും ആ സ്വപ്നങ്ങൾ കരിഞ്ഞുപോയി. വക്കീൽ ഗുമസ്തയായും, തയ്യൽക്കാരിയായും, മെഴുകുതിരി തൊഴിലാളിയായും അവർ ഓടിനടന്നു. ഒടുവിൽ ദാരിദ്ര്യവും ഒറ്റപ്പെടലും ചുറ്റുമുള്ളവരുടെ അവഗണനയും കൂടി ആ മനസ്സിന്റെ താളം തെറ്റിച്ചു.
സമൂഹം അവരെ വിളിച്ച പേര് 'കോമാളി' എന്നായിരുന്നു. പരിഹാസങ്ങളും കുറ്റപ്പെടുത്തലുകളും താങ്ങാനാവാതെ വന്നപ്പോൾ, എല്ലാ വാതിലുകളും അടഞ്ഞപ്പോൾ, അവർ കണ്ടെത്തിയ അഭയമാണ് ഇന്ന് നിങ്ങൾ കാണുന്ന ഈ 'നാഗ സൈരന്ധ്രി' എന്ന വേഷം. സോഷ്യൽ മീഡിയയിൽ ഇവരുടെ വീഡിയോ കണ്ട് നമ്മൾ ചിരിക്കുമ്പോൾ, ട്രോളുമ്പോൾ ഓർക്കുക... ആ വിചിത്രമായ വേഷത്തിനും സംസാരത്തിനും പിന്നിൽ, ജീവിതത്തോട് പൊരുതിത്തോറ്റ, വിധിയുടെ ക്രൂരതയേറ്റ് തകർന്നുപോയ ഒരു പെൺകുട്ടിയുടെ നിലവിളിയുണ്ട്.
അതൊരു തമാശയല്ല, ഉള്ളുപൊള്ളിക്കുന്ന നോവാണ്. നമ്മൾ ചിരിക്കുന്നത് ഒരു പാവം സ്ത്രീയുടെ വേദന കണ്ടിട്ടാണ്. ഇനിയെങ്കിലും ഇവരെ കാണുമ്പോൾ പരിഹസിക്കാതിരിക്കുക. കാരണം, തിരിച്ച് വരാൻ കൊതിക്കുന്നദിവ്യ രാജൻ എന്ന ആ മിടുക്കി പെൺകുട്ടി ഇന്നും ആ കണ്ണുകളിൽ എവിടെയോ ജീവിച്ചിരിപ്പുണ്ട്..!! 💔
