വർക്കല: നഗരസഭാ ആരോഗ്യ വിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ വിവിധ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണപദാർത്ഥങ്ങൾ പിടികൂടി. ഇന്ന് രാവിലെ വർക്കല ടൗണിലെ പത്തോളം ഹോട്ടലുകളിലാണ് നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്.
റെയിൽവേ സ്റ്റേഷന് മുൻവശത്തുള്ള പാലസ് ഹോട്ടൽ, നടയറ ജംഗ്ഷനിലെ ഫാർമേഴ്സ് ഹോട്ടൽ എന്നിവിടങ്ങളിൽ നിന്നാണ് ഉപയോഗശൂന്യമായ ഭക്ഷണസാധനങ്ങൾ കണ്ടെത്തിയത്. കൂടാതെ, പരിശോധന നടത്തിയ നാല് ഹോട്ടലുകളിൽ നിന്ന് പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കുന്ന നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളും പിടിച്ചെടുത്തു.
പഴകിയ ഭക്ഷണസാധനങ്ങൾ സൂക്ഷിച്ച ഹോട്ടലുകൾക്കെതിരെ കനത്ത പിഴ ചുമത്തിയതായി ആരോഗ്യ വിഭാഗം അധികൃതർ അറിയിച്ചു. വരും ദിവസങ്ങളിലും നഗരസഭയുടെ പരിധിയിലുള്ള വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന കർശനമായി തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.
