സ്‌കൂളിലേക്ക് പോയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പാറമടയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കൊച്ചി: തിരുവാങ്കുളം ശാസ്താംമുകള്‍ പ്രദേശത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ വീടിന് സമീപത്തെ പാറമടയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ശാസ്താംമുകള്‍ കിണറ്റിങ്കല്‍ വീട്ടില്‍ മഹേഷിന്റെയും ഭാര്യയുടെയും ഏകമകള്‍ ആദിത്യ (16)യാണ് മരിച്ചത്. ഇന്ന് രാവിലെ ഒന്‍പത് മണിയോടെയാണ് ശാസ്താംമുകള്‍ ഭാഗത്തെ പാറമടയില്‍ മൃതദേഹം കണ്ടെത്തിയത്. പതിവുപോലെ സ്‌കൂളിലേക്ക് പോകുകയാണെന്ന് പറഞ്ഞ് രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങിയ ആദിത്യയുടെ മൃതദേഹം സ്‌കൂള്‍ യൂണിഫോം ധരിച്ച നിലയിലായിരുന്നു.

പാറമടയുടെ കരയില്‍ സ്‌കൂള്‍ ബാഗ് കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സമീപവാസികള്‍ നടത്തിയ പരിശോധനയിലാണ് വെള്ളത്തില്‍ മൃതദേഹം പൊങ്ങിക്കിടക്കുന്നത് കണ്ടെത്തിയത്. ബാഗിനുള്ളില്‍ ഉച്ചഭക്ഷണവും കരുതിയിരുന്നതായി കണ്ടെത്തി. വിവരമറിഞ്ഞ ഉടന്‍ വാര്‍ഡ് മെമ്പര്‍ ചോറ്റാനിക്കര പൊലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആദിത്യ മഹേഷ് ദമ്പതികളുടെ ഏക മകളാണ്.