തൃശൂരില്‍ സഹോദരിമാരുടെ കൂട്ട ആത്മഹത്യാ ശ്രമം; ഒരാള്‍ മരിച്ചു, രണ്ടുപേരുടെ നില ഗുരുതരം


തൃശൂര്‍: തൃശൂരില്‍ ഒരുമിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച മൂന്ന് സഹോദരിമാരില്‍ ഒരാള്‍ മരിച്ചു. മണ്ഡലംകുന്ന് സ്വദേശിനിയായ സരോജനിയാണ് മരിച്ചത്. സഹോദരിമാരായ ജാനകിയും ദേവകിയും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇന്ന് രാവിലെയാണ് ഇവരെ വീട്ടില്‍ അവശനിലയില്‍ കണ്ടെത്തിയത്. അയല്‍വാസികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ചെറുതുരുത്തി പൊലീസും പഞ്ചായത്ത് മെമ്പറും സ്ഥലത്തെത്തി. പിന്നാലെ മൂവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും സരോജനിയുടെ ജീവന്‍ രക്ഷിക്കാനായില്ല. ഗുരുതരാവസ്ഥയിലുള്ള ജാനകിയെയും ദേവകിയെയും വടക്കാഞ്ചേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി
മൂന്ന് സഹോദരിമാരും വര്‍ഷങ്ങളായി ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ഇവരുടെ സ്വത്തുക്കള്‍ ഗുരുവായൂര്‍ ക്ഷേത്രത്തിന് എഴുതിവച്ചിരുന്നു. ഇതിന് പിന്നാലെ ഏകദേശം ഒരു വര്‍ഷത്തോളം ക്ഷേത്രത്തിന് കീഴിലുള്ള ട്രസ്റ്റിന്റെ കീഴില്‍ താമസിച്ചിരുന്നുവെങ്കിലും, ചില അതൃപ്തികളെ തുടര്‍ന്ന് പിന്നീട് സ്വന്തം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇതിനുശേഷം മൂവരും കടുത്ത മാനസിക പ്രയാസത്തിലായിരുന്നുവെന്ന് അയല്‍വാസികള്‍ പറഞ്ഞു. കുറിപ്പെഴുതിവെച്ചാണ് ഇവര്‍ ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നാണ് ലഭ്യമാകുന്ന വിവരം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്