സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്. ശമ്പള പരിഷ്‌കരണ കുടിശ്ശിക അനുവദിക്കുന്നതിലെ കടുത്ത അവഗണനയിലും വാഗ്ദാന ലംഘനങ്ങളിലും പ്രതിഷേധിച്ചാണ് അനിശ്ചിതകാല സമരത്തിലേക്ക് കടക്കുന്നത്. ജനുവരി 22 മുതല്‍ അധ്യാപന ബഹിഷ്‌കരണത്തോടെ ആരംഭിക്കും. ശേഷം ഫെബ്രുവരി രണ്ടിന് ഒ പി ബഹിഷ്‌കരണത്തിലേക്കും ഒന്‍പതുമുതല്‍ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകള്‍ തടസപ്പെടുന്ന രീതിയിലേക്ക് വ്യാപിപ്പിക്കാനാണ് തീരുമാനം. കെജിഎംസിടിയുടെ നേതൃത്വത്തിലാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ കാര്യത്തില്‍ സര്‍ക്കാര്‍ വഞ്ചനാപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് സംഘടന ആരോപിച്ചു.
വര്‍ഷങ്ങളായി ഉന്നയിക്കുന്ന ശമ്പള പരിഷ്‌കരണത്തിലെ അപാകതകള്‍ പരിഹരിക്കുക, അന്യായമായ പെന്‍ഷന്‍ സീലിംഗ് കേന്ദ്ര നിരക്കില്‍ പരിഷ്‌കരിക്കുക, താല്‍ക്കാലിക കൂട്ടസ്ഥലം മാറ്റങ്ങള്‍ ഒഴിവാക്കുക, പുതിയ തസ്തികകള്‍ സൃഷ്ടിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളില്‍ നടപടിയില്ലാത്ത സാഹചര്യത്തിലാണ് ഡോക്ടര്‍മാര്‍ സമരത്തിലേക്ക് കടക്കുന്നത്.
2025 ജൂലൈ മുതല്‍ സംഘടന പ്രതിഷേധം തുടങ്ങിയിരുന്നെങ്കിലും ആരോഗ്യ മന്ത്രിയുടെയും ധനകാര്യ മന്ത്രിയുടെയും സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചകളെ തുടര്‍ന്ന് സമരം താല്‍ക്കാലികമായി നീട്ടിവെക്കുകയായിരുന്നു. എന്നാല്‍ 2026 ജനുവരി 18-ന് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് ഡോക്ടര്‍മാരുടെ ആവശ്യങ്ങളെ പൂര്‍ണ്ണമായി നിരാകരിക്കുന്നതാണെന്ന് സംഘടന ചൂണ്ടിക്കാട്ടി
