സംസ്ഥാനത്ത് രണ്ടാം തവണയും കുത്തനെ കുറഞ്ഞ് സ്വര്‍ണവില; ഉച്ചയോടെ പവന് 880 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മണിക്കൂറുകള്‍ക്കകം വലിയ മാറ്റം. രാവിലെ ഉയര്‍ന്ന സ്വര്‍ണവില ഉച്ചയോടെ കുത്തനെ താഴ്ന്നു. തുടര്‍ച്ചയായ മൂന്നാം ദിവസവും വര്‍ധന രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഗ്രാമിന് 110 രൂപയുടെ ഇടിവുണ്ടായത്. പുതിയ നിരക്കനുസരിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന് 12,675 രൂപയാണ് വില. പവന്‍ വിലയില്‍ 880 രൂപയുടെ കുറവുണ്ടായി. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ പുതിയ വില 1,01,400 രൂപയായി.

ബുധനാഴ്ച രാവിലെ ഗ്രാമിന് 60 രൂപ വര്‍ധിച്ച് 12,725 രൂപയിലേക്കാണ് സ്വര്‍ണവില എത്തിയിരുന്നത്. അപ്പോള്‍ പവന് 480 രൂപയുടെ വര്‍ധനയും രേഖപ്പെടുത്തിയിരുന്നു. വെള്ളി വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 265 രൂപയാണ് വില. പുതിയ സ്വര്‍ണവില അനുസരിച്ച് ഒരു പവന്‍ ആഭരണത്തിന് കുറഞ്ഞത് 1,10,000 രൂപയെങ്കിലും ചെലവാകും. ഇതിന് പുറമെ പണിക്കൂലി, ജി.എസ്.ടി, ഹോള്‍മാര്‍ക്കിംഗ് ഫീസ് എന്നിവയും നല്‍കേണ്ടിവരും. സ്വര്‍ണാഭരണങ്ങളുടെ കുറഞ്ഞ പണിക്കൂലി അഞ്ച് ശതമാനമാണ്.


ഡിസംബര്‍ 23നാണ് സംസ്ഥാനത്ത് ആദ്യമായി സ്വര്‍ണവില ഒരു ലക്ഷം രൂപ കടന്നത്. അതിനുശേഷം വിലയില്‍ വലിയ ചാഞ്ചാട്ടങ്ങളാണ് രേഖപ്പെടുത്തുന്നത്. അതേസമയം, ആഗോള വിപണിയില്‍ സ്വര്‍ണവില ഉയര്‍ന്ന നിലയിലാണ്. സ്പോട്ട് ഗോള്‍ഡിന്റെ വില ഔണ്‍സിന് 4,466 ഡോളറായി ഉയര്‍ന്നു. വെനസ്വേലയിലെ രാഷ്ട്രീയ സാഹചര്യം ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര അനിശ്ചിതത്വങ്ങളാണ് സ്വര്‍ണവില ഉയരാന്‍ പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്.

രാഷ്ട്രീയ അസ്ഥിരതയും ആഗോള സംഘര്‍ഷങ്ങളും വര്‍ധിക്കുമ്പോള്‍ സുരക്ഷിത നിക്ഷേപമായി സ്വര്‍ണത്തെ കൂടുതല്‍ പേര്‍ തിരഞ്ഞെടുക്കുന്നതാണ് വില ഉയരാന്‍ ഇടയാക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ആഗോള സംഘര്‍ഷങ്ങളില്‍ ഇളവ് വന്നില്ലെങ്കില്‍ വരും ദിവസങ്ങളിലും സ്വര്‍ണവില ഉയര്‍ന്ന നിലയില്‍ തുടരാന്‍ സാധ്യതയുണ്ടെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍. കഴിഞ്ഞ വര്‍ഷം മാത്രം സ്വര്‍ണത്തിന് 64 ശതമാനം നേട്ടമാണ് ഉണ്ടായത്. യുക്രെയിന്‍-റഷ്യ യുദ്ധം ഉള്‍പ്പെടെയുള്ള സംഘര്‍ഷങ്ങള്‍, യു.എസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറച്ചത്, കേന്ദ്രബാങ്കുകള്‍ വലിയ തോതില്‍ സ്വര്‍ണം വാങ്ങി ശേഖരിച്ചതുമാണ് കഴിഞ്ഞ വര്‍ഷം സ്വര്‍ണവില കുതിച്ചുയരാന്‍ പ്രധാന കാരണങ്ങളായതെന്നും വിദഗ്ധര്‍ പറയുന്നു.