ഗാനഗന്ധർവന് ഇന്ന് 86-ാം പിറന്നാൾ, ആറരപതിറ്റാണ്ട് പിന്നിട്ട ​ഗാനസപര്യ

വിശേഷണങ്ങള്‍ വേണ്ടാത്ത പേരാണ് യേശുദാസ്. മലയാളികളുടെ നാവിൻതുമ്പത്ത് നിറയാത്ത ദിവസങ്ങളുണ്ടാകില്ല യേശുദാസിന്റെ പാട്ടുകള്‍. നമ്മുടെ ഗാനഗന്ധർവന്‍ യേശുദാസിന് ഇന്ന് 86 ആം പിറന്നാള്‍. കാലത്തെ അതിജീവിക്കുന്ന സ്വരമാധുരികൊണ്ട് അദ്ദേഹം വെള്ളിത്തിരയിൽ നിറയാൻ തുടങ്ങിയിട്ട് ആറരപതിറ്റാണ്ട് പിന്നിടുകയാണ്.

വർഷം 1961. എം.ബി ശ്രീനിവാസന്‍ ചൊല്ലിക്കൊടുത്ത വരികള്‍ ഏറ്റുപാടികൊണ്ടൊരു പയ്യന്റെ തുടക്കം. 65 വർഷം പിന്നിടുമ്പോഴും. മലയാളിക്ക് കണ്‍കണ്ട് ചെവിയോർത്തൊരു ഇതിഹാസമായി, നിത്യജീവിതത്തിന്റെ ഭാഗമായി, സ്വാകാര്യ അഹങ്കാരമായി, ഭാഷയ്ക്കും ദേശത്തിനും അലങ്കരമായി, പിന്നെയും പിന്നെയും കേള്‍ക്കാന്‍ കൊതിക്കുന്നൊരു നൂറ് പാട്ടായി മണ്ണ് തൊട്ട ഗന്ധർവ്വൻ.

മറ്റൊരു മേഖലയിലും ആ‍ർക്കും അവകാശപ്പെടാന്‍ കഴിയാത്ത അപ്രമാധിത്യം. യേശുദാസ് ശബ്ദം തൊട്ട് തൊടാത്ത മനുഷ്യരില്ല, ഭാഷയില്ല. തലമുറകള്‍ മാറി വന്ന സംഗീതസംവിധായകർക്ക് അത്രമേല്‍ പ്രിയപ്പെട്ട ശബ്ദം. ദേവരാജന്‍ മാഷിനൊപ്പം 650ലേറെ ഗാനങ്ങള്‍, രവീന്ദ്രനൊപ്പം 339 ഗാനങ്ങള്‍, വയലാറിന്റെ 445 പാട്ടുകള്‍ക്കും ശ്രീകുമാരന്‍ തമ്പിയുടെ 500 ലേറെ പാട്ടുകള്‍ക്കും നാദമായി. 45,000 ലേറെ സിനിമാ പാട്ടുകള്‍. എട്ട് തവണ ദേശീയ പുരസ്‍കാരം. കേരള സംസ്ഥാന അവാര്‍ഡ് മാത്രം 24 തവണ. മറ്റുസംസ്ഥാനങ്ങള്‍ നല്‍കിയ ആദരങ്ങള്‍ ഇതിനുപുറമേ. പന്ത്രണ്ട് സിനിമകളില്‍ പാടി അഭിനയിച്ചു. 77ല്‍ പത്മശ്രീ, 2002ല്‍ പദ്‍മഭൂഷണ്‍, 2017ല്‍ പദ്‍മവിഭൂഷണ്‍. മനസ് കൊണ്ട് സംഗീതലോകം എന്നേ സമ്മാനിച്ച് കഴിഞ്ഞൂ ഭാരതരത്നം.
മാതാപിതാക്കളുടെ ശബ്ദം പോലെ ഓരോ മലയാളിയെയും ജനനം മുതല്‍ മരണം വരെ പിന്തുടരുന്ന നാദവിസ്‍മയം. ജീവിതത്തിന്റെ ഓരോ നിമിഷത്തിലും നമുക്ക് ആശ്രയിക്കാൻ സമാധാനിക്കാൻ പ്രതീക്ഷിക്കാൻ യേശുദാസ് ഒപ്പമുണ്ട്. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ആ ദൈവങ്ങളെ പാടി ഉറക്കുന്നതും ഉണർത്തുന്നതും ഇതേ യേശുദാസാണ്. ഇതില്‍ പരം എന്ത് ഉദാഹരണം വേണം യേശുദാസ് മലയാളിക്ക് ആരാണെന്ന ചോദ്യത്തിന്. യേശുദാസായും കൃഷ്‍ണദാസും അള്ളാഹുദാസായും ബുദ്ധദാസുമൊക്കെയായി സകലരെയും ഉള്ളുതൊട്ടൊരു മനുഷ്യൻ. എല്ലാ ചിന്തകളെയും വിപ്ലവങ്ങളെയും തലമുറകളെയും തന്റെ ശബ്ദത്തോട് ചേർത്തുകെട്ടിയുള്ള യാത്ര. മലയാളം ഉള്ളിടത്തോളം കാലം നിലനിൽക്കുന്ന ഈ ഗാന്ധർവ്വനാദത്തിന് ആയൂർആരോഗ്യസൗഖ്യം.
 ദാസേട്ടനെ മീഡിയ 16 ന്യൂസ് നേരുന്നു ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ💐💐💐