ജ​ഗതി ശ്രീകുമാർ @ 75; പിറന്നാൾ നിറവിൽ മലയാളത്തിന്റെ ‘അമ്പിളി’ത്തിളക്കം

മലയാളികൾക്ക് ജ​ഗതി എന്നാൽ ഒരു സ്ഥലപ്പേരല്ല, അത് ജ​ഗതി ശ്രീകുമാണ്. അഭിനയജീവിതത്തിന് സഡൺ ബ്രേക്കിടേണ്ടി വന്നെങ്കിലും മലയാളികളെ ചിരിപ്പിക്കുന്നതിൽ ജ​ഗതിക്ക് ഇന്നും ബെല്ലും ബ്രേക്കുമില്ല. നല്ല ഭക്ഷണം ആസ്വദിച്ച് കഴിക്കാൻ മലയാളികൾക്ക് തൊടുകറിപോലെ
ജ​ഗതി തമാശകളും വേണം. മൂഡ് മാറ്റാൻ, ചില്ലാവാൻ ജ​ഗതി തമാശകൾ തേടി യൂട്യൂബിലേക്ക് ഓടുന്നവരുമുണ്ട്.

മലയാളത്തിന്റെ, അഭിനയത്തിന്റെ ബഹുമുഖതയ്ക്ക് ഇന്ന് പിറന്നാളാണ്. 75ന്റെ നിറവിൽ ആഘോഷങ്ങളുടെ ആർപ്പുവിളികളോ ആരവങ്ങളോ ഇല്ലാതെ അയാൾ വീട്ടിലുണ്ട്. ഡോക്ടർ നിർദേശിച്ചിട്ടുള്ള പതിവ് ഭക്ഷണം മാത്രമാകും ഇന്നും കഴിക്കുക. എല്ലാ ദിവസത്തെയും പോലെ ഇന്നത്തെ ദിവസവും കടന്നുപോകും. മലയാളികൾക്ക് ഈ ദിനം പ്രിയപ്പെട്ടതാകുന്നത് ബി​ഗ് സ്ക്രീനിൽ അയാളുടെ അഭാവം വരുത്തിവെച്ച വേദനകൊണ്ടുകൂടിയാകും. മലയാള സിനിമയെന്നപോലെ പ്രേക്ഷകരും 
ജ​ഗതിയെന്ന നടനെ മിസ് ചെയ്യുന്നുണ്ടാകണം.

ചെയ്തുവെച്ച കഥാപാത്രങ്ങൾകൊണ്ട് ജെൻസികളെ പോലും കൈയിലെടുക്കാൻ ജ​ഗതി ശ്രീകുമാറിന് ആയിട്ടുണ്ട്. എന്നാലും 90 മുതൽ പിന്നോട്ടുള്ളവ‌ർക്കാകും കൃത്യമായി ആ നടന വൈഭവത്തിന്റെ റേഞ്ച് അറിയുക. ഹാസ്യം മാത്രമല്ല, എല്ലാ ഭാവങ്ങളും തനിക്ക് വഴങ്ങുമെന്ന് ജ​ഗതി എന്നോ തെളിയിച്ചതാണ്. ഇന്ന് ജ​ഗദീഷടക്കം നമ്മളെ കുടുകുടെ ചിരിപ്പിച്ച ഹാസ്യ സാമ്രാട്ടുകൾ സീരിയസ് വേഷങ്ങളിലും അതിശയപ്പെടുത്തുമ്പോൾ ജ​ഗതിയും ഉണ്ടെങ്കിലെന്ന് വെറുതെയെങ്കിലും കൊതിച്ചവരുണ്ടാകും.കഴിഞ്ഞ 14 വർഷമായി വീൽ ചെയറിലാണ് ജ​ഗതി ശ്രീകുമാറിന്റെ ജീവിതം. 2012 മാർച്ച് പത്തിന് കോഴിക്കോടിനു സമീപംവെച്ചുണ്ടായ വാഹനാപകടമാണ് ആ പ്രതിഭയുടെ ജീവിതം കീഴ്മേൽ മറിച്ചത്. സെറ്റുകളിൽ നിന്ന് സെറ്റുകളിലേക്കുള്ള ഓട്ടപ്പാച്ചിലിനിടെ അവിചാരിതമായി സംഭവിച്ച ഒരു അപകടം ജ​ഗതിയുടെ അഭിനയ ജീവിതത്തിന് ഫുൾസ്റ്റോപ്പിട്ടു, അന്നോളം പല മീറ്ററുകളിൽ കേട്ട ആ ശബ്ദം നിശ്ശബ്ദമായി.

എന്നാലിന്നും ജ​ഗതി എന്ന പേര് കേട്ടാൽ അഭ്രപാളിയിൽ അയാൾ അനശ്വരമാക്കിയ എണ്ണിയാലൊടുങ്ങാത്ത കഥാപാത്രങ്ങളും അഭിനയ മുഹൂർത്തങ്ങളും മലയാളികളുടെ മനസിലേക്ക് ഒരു തിരശീലയിലെന്നപോലെ മിന്നിമറയും. അപകടത്തിന് മുൻപുള്ള ആ നാലുപതിറ്റാണ്ട് മതിയായിരുന്നു അയാൾക്ക് മലയാള സിനിമ ഉള്ളകാലത്തോളം നിലനിൽക്കാൻ. ഇതിനിടെ മമ്മൂട്ടി ചിത്രമായ സിബിഐ-5ൽ ജഗതി മുഖം കാണിച്ചിരുന്നു. വരാനിരിക്കുന്ന വേറെയും സിനിമകളിൽ ജ​ഗതിയുടെ സാന്നിധ്യമുണ്ട്.