ദേശീയപാത 744ന്റെ വികസനവുമായി ബന്ധപ്പെട്ട് വകുപ്പ് സെക്രട്ടറി ഉമാശങ്കർ, ദേശീയപാത അതോറിറ്റി ഒഫ് ഇന്ത്യ അധികൃതർ എന്നിവരുമായി എൻ.കെ.പ്രേമചന്ദ്രൻ ഡൽഹിയിൽ നടത്തിയ ചർച്ചയിലാണ് വിവരം അറിയിച്ചത്. ഭാരത് മാല പദ്ധതിയിൽ ഉൾപ്പെടുത്തി കടമ്പാട്ടുകോണം - ഇടമൺ, ഇടമൺ - ആര്യങ്കാവ് എന്നിങ്ങനെ രണ്ട് ഘട്ടങ്ങളായി വികസനം ഉറപ്പാക്കാനായിരുന്നു ആദ്യ പദ്ധതി.
എന്നാൽ ഭൂമി ഏറ്റെടുക്കാനായി സംസ്ഥാനം നൽകേണ്ട വിഹിതം സംബന്ധിച്ച തർക്കത്തിൽ സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായ കാലതാമസം പദ്ധതി വഴിമുട്ടിച്ചു. ഭൂമി ഏറ്റെടുക്കൽ നടപടി ധൃതഗതിയിൽ പുരോഗമിക്കവെയാണ് സംസ്ഥാന സർക്കാർ വിഹിതം നൽകുന്ന ബാദ്ധ്യതയിൽ നിന്ന് പിന്മാറിയത്. തുടർന്ന് കേന്ദ്രം മുന്നോട്ടുവച്ച ജി.എസ്.ടി, റോയാലിറ്റി ഇളവ് സംബന്ധിച്ച തീരുമാനത്തിലുണ്ടായ കാലതാമസവും വികസനം ഭാരത് മാല പദ്ധതിയിൽ നിന്ന് ഒഴിവാക്കാൻ കാരണമായി. ഇതോടെ ഭൂമി ഏറ്റെടുക്കലിന് ഉടമസ്ഥർക്ക് നഷ്ടപരിഹാരം നൽകുന്നതും പ്രതിസന്ധിയിലായി.
ദേശീയപാത 744 ന്റെ കേരളത്തിലെ വികസനവും കേരളത്തോട് ചേർന്ന് കിടക്കുന്ന തമിഴ്നാട് ഭാഗവും ഉൾപ്പടെ ഒരു പദ്ധതിയായി നടപ്പാക്കുകയാണ് ഇപ്പോഴത്തെ ലക്ഷ്യം. മൂന്ന് റീച്ചുകളായാണ് പ്രവൃത്തി വിഭാവനം ചെയ്തിരിക്കുന്നത്. മൂന്ന് റീച്ചുകളുടെയും ഡി.പി.ആർ പരിഗണിച്ച് ഒരു പദ്ധതിയായി അനുമതിക്കുള്ള നടപടികളാണ് പുരോഗമിക്കുന്നത്.
റീച്ചുകൾ
കടമ്പാട്ടുകോണം-ഇടമൺ-39 കിലോ മീറ്റർ
ഇടമൺ-ആര്യങ്കാവ്-21കിലോ മീറ്റർ
ആര്യങ്കാവ്-പുളിയറൈ-2.3 കിലോ മീറ്റർ
ഇടമൺ-ആര്യങ്കാവ് റീച്ചിൽ-4 ടണലുകൾ
ടണലുകൾ-10 കിലോമീറ്റർ ദൂരത്തിൽ
ഒരു ടണൽ തീരുന്നത്- 3-ാം റീച്ചിൽ
ഭാരത് മാല പദ്ധതിയിൽ ഉൾപ്പെടുത്തിയ പ്രവൃത്തികളിൽ സമയബന്ധിതമായി നടപടി പൂർത്തിയാക്കാത്തവ ഒഴിവാക്കുകയാണ് കേന്ദ്രം സ്വീകരിച്ച പൊതുനയം. എന്നാൽ ദേശീയപാത 744ന്റെ വികസനം സാക്ഷാത്കരിക്കാൻ നിരന്തരമായി നടത്തിയ ഇടപെടലുകളെ തുടർന്നാണ് വീണ്ടും ഏറ്റെടുക്കാൻ ദേശീയപാത അതോറിറ്റി തയ്യാറായത്. മൂന്ന് റീച്ചിന്റെയും ഡി.പി.ആറിന് ഈ സാമ്പത്തിക വർഷം അനുമതി നൽകി ഒരു പദ്ധതിയായി വികസനം ഉറപ്പാക്കാനുളള നടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
എൻ.കെ. പ്രേമചന്ദ്രൻ എം.പി
#NKPremachandran
