അബുദാബി,: വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ പ്രവാസി മലയാളി പുതുജീവൻ നൽകിയത് വിവിധ രാജ്യക്കാരായ ആറു പേർക്ക്. അപകടത്തെ തുടർന്ന് മസ്തിഷ്‌ക മരണം സംഭവിച്ച കൊല്ലം പരവൂർ സ്വദേശി ബാബുരാജന്റെ അവയവങ്ങളാണ് ആറ് പേർക്ക് പുതുജീവിതമേകിയത്. അബുദാബി വേൾഡ് ട്രേഡ് സെന്ററിന് സമീപമുണ്ടായ വാഹനാപകടത്തിലാണ് ബാബുരാജിന് മസ്തിഷ്‌ക മരണം സംഭവിച്ചത്.
രണ്ടാഴ്ച മുൻപാണ് ബാബുരാജ് വാഹനാപകടത്തിൽപ്പെട്ടത്. സിഗ്നലിൽ റോഡ് മുറിച്ചുകടക്കവേ ഇലക്ട്രിക് സ്‌കൂട്ടർ വന്നിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻതന്നെ അബുദാബിയിലെ ശൈഖ് ഖലീഫ മെഡിക്കൽ സിറ്റിയിൽ പ്രവേശിപ്പിച്ചു. എന്നാൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ അദ്ദേഹത്തിന് മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു.
ബന്ധുക്കളും സുഹൃത്തുക്കളുമാണ് ബാബുരാജന്റെ അവയവങ്ങൾ ദാനം ചെയ്യാൻ സന്നദ്ധത അറിയിച്ചത്. സുഹൃത്തായ പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി ഷിബു മാത്യു വിവരം ആശുപത്രി അധികൃതരെയും അറിയിച്ചു.
വിവിധ രാജ്യക്കാരായ ആറ് രോഗികളിലായി അവയവങ്ങൾ വെച്ചുപിടിപ്പിക്കും.
