തൃശൂരിൽ ഇനി കൗമാര കലയുടെ മഹാപൂരം; 64ാമത് കേരള സ്കൂൾ കലോത്സവത്തിന് ഇന്ന് തുടക്കം


പൂരങ്ങളുടെ പൂരമായ തൃശൂർ പൂരം നടക്കുന്ന മണ്ണിൽ ഇന്ന് ഏഷ്യയിലെ ഏറ്റവും വലിയ കൗമാരകലയുടെ പൂരത്തിന് കൊടിയേറ്റം. ഇനി അഞ്ചുദിനം താളമേള വിസ്‌മയങ്ങളുടെ രാപ കലുകൾ സാംസ്‌കാരിക നഗരിക്ക് സ്വന്തം. ഇന്നലെ വൈകിട്ട് നഗരത്തിലെത്തിയ സ്വർണകപ്പിന് മന്ത്രിമാരായ വി.ശിവൻകുട്ടി, കെ. രാജൻ, മേയർ ഡോ. നിജി ജസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിൽ ആവേശകരമായ സ്വീകരണം നൽകി. ഇന്ന് രാവിലെ പ്രധാനവേദിക്ക് മുന്നിൽ പത്തുമണിയോടെ തൃശൂർ പൂരത്തിന്റെ മേള പ്രമാണിമാരായ കിഴക്കൂട്ട് അനിയൻമാരാരും ചെറുശേരി കുട്ടൻമാരാരും ചേർന്ന് നൂറോളം മേളക്കാരുമായി നടത്തുന്ന പാണ്ടിമേളം കലോത്സവത്തിൻ്റെ വിളംബരമാകും. തുടർന്ന് 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്ഘാടനം ചെയ്യും. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷനാകും, തുടർന്ന് പൂക്കളുടെ പേരിട്ട 25 വേദികളിലായി കലോത്സവ മത്സരങ്ങൾ അരങ്ങേറും