അമ്മ ജോലി കഴിഞ്ഞ് എത്തിയപ്പോൾ വീട് പൂട്ടിയിരുന്നു, പിഞ്ചോമനയ്ക്ക് വിഷം നൽകി അച്ഛൻ ജീവനൊടുക്കി. എളമക്കരയെ കണ്ണീരിലാഴ്ത്തി 6 വയസ്സുകാരിയുടെയും അച്ഛന്റെയും വിയോഗം....

കൊച്ചി: എളമക്കരയിൽ അച്ഛനെയും 6 വയസ്സുകാരിയായ മകളും വീടിനുള്ളിൽ മരിച്ച നിലയിൽ. ചേർത്തല പാണാവള്ളി സ്വദേശി പവിശങ്കർ (33), മകൾ വാസുകി (6) എന്നിവരെയാണ് പോണേക്കരയിലെ സെൻ്റ് സേവ്യേഴ്സ് റോഡിലുള്ള വാടകവീട്ടിൽ ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. സെയിൽസ്മാനായിരുന്ന പവിശങ്കർ കുറച്ചുകാലമായി ജോലിയില്ലാത്ത അവസ്ഥയില്‍ ആയിരുന്നുവെന്ന് പോലീസ് അറിയിച്ചു..

മകൾക്ക് വിഷം നൽകിയ ശേഷം പിതാവ് ജീവനൊടുക്കി എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മകൾ കിടക്കയിലും മരിച്ച നിലയിലും, അച്ഛന്‍ ജീവനൊടുക്കിയ നിലയിലുമായിരുന്നു. മരണകാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ വിശദമായ അന്വേഷണത്തിലൂടെയേ വ്യക്തമാകൂ. ഇന്ന് രാവിലെ ഇവരുടെ വീട്ടിലെത്തിയ ഭാര്യ സ്‌നാഷയും, കസിൻ ശബരീഷുമാണ് ഇവരെ ആദ്യം കണ്ടത്.

ഇടപ്പള്ളിയിലെ ഒരു ഷോപ്പിങ് മാളിൽ ജോലി ചെയ്യുന്ന ഭാര്യ, വ്യാഴാഴ്ച രാത്രി 11 മണിക്ക് വീട്ടിലെത്തിയപ്പോൾ വീട് പൂട്ടിയിട്ടിരിക്കുന്ന നിലയിലായിരുന്നു. പവിശങ്കറിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്‌ത നിലയിലും ആയിരുന്നു. ഭർത്താവിനെയും, മകളെയും കാണാതായതിനെ തുടർന്ന് പരിഭ്രാന്തയായ ഭാര്യ രാത്രി തന്നെ പൂത്തോട്ടയിലുള്ള കസിൻ ശബരീഷിന്റെ വീട്ടിലെത്തി. രാത്രി മുഴുവൻ പവിശങ്കറെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന് ശബരീഷ് പറയുന്നു..

വെള്ളിയാഴ്ച രാവിലെ പോലീസിൽ പരാതി നൽകാനായി പോണേക്കരയിലെത്തിയ സമയത്ത് ഒരിക്കൽ കൂടി വീട്ടിൽ നോക്കാൻ തീരുമാനിക്കുക ആയിരുന്നു. വീട്ടിലെത്തിയപ്പോൾ വാതിൽ അടഞ്ഞു കിടന്നിരുന്നെങ്കിലും പൂട്ടിയിരുന്നില്ല. താക്കോൽ വാതിലിൽ തന്നെ വെച്ചിരുന്നു. അകത്ത് കയറി നോക്കിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കാണുന്നത്..

അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം വിശദമായ പരിശോധനകള്‍ക്ക് വേണ്ടി കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്നും, മരണകാരണങ്ങൾ റിപ്പോർട്ട് ലഭിക്കുന്നതോടെ കൂടുതൽ വ്യക്തമാകുമെന്നും പോലീസ് അറിയിച്ചു..