വാഷിങ്ടൺ: അമേരിക്കയെ കടുത്ത അനിശ്ചിതാവസ്ഥയിലാക്കി കൊടും ശൈത്യം. ശൈത്യക്കെടുതിയിൽ നിരവധി പേർ മരിച്ചതായും റോഡ്, റെയിൽ, വൈദ്യുതി സംവിധാനങ്ങൾ വ്യാപകമായി തടസ്സപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. രാജ്യത്തെ 40 സംസ്ഥാനങ്ങളിലായി 235 ദശലക്ഷത്തിലധികം ആളുകളെയാണ് അതിശൈത്യം ബാധിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ വീശിയടിച്ച വിന്റർ സ്റ്റോം ഫേൺ ആണ് രാജ്യത്തെ ഗുരുതരമായ ശൈത്യാവസ്ഥയിലാഴ്ത്തിയത്. ന്യൂ മെക്സിക്കോ മുതൽ ന്യൂ ഇംഗ്ലണ്ട് വരെ വ്യാപകമായി കനത്ത മഞ്ഞുവീഴ്ച ഉണ്ടായി. ഇതിനെ തുടർന്ന് നിരവധി പ്രധാന റോഡുകളിലും റെയിൽ ഗതാഗതത്തിലും സ്തംഭനാവസ്ഥയാണ്. 20 സംസ്ഥാനങ്ങളിലും യുഎസ് തലസ്ഥാനമായ വാഷിങ്ടൺ ഡിസിയിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
റോഡുകളിൽ മഞ്ഞും ഐസും വേഗത്തിൽ അടിഞ്ഞുകൂടുന്നത് ശുചീകരണ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നതായി അധികൃതർ അറിയിച്ചു. മഞ്ഞ് ഗണ്യമായി അടിഞ്ഞുകൂടുന്ന പ്രദേശങ്ങളിൽ യാത്രാ തടസ്സങ്ങളും വൈദ്യുതി വിതരണത്തിലെ തകരാറുകളും ആഴ്ച മുഴുവൻ തുടരുമെന്നാണ് മുന്നറിയിപ്പ്. നിലവിൽ ഏകദേശം പത്ത് ലക്ഷത്തോളം വീടുകളിൽ വൈദ്യുതി വിതരണം നിലച്ചിരിക്കുകയാണ്.
വരുന്ന ആഴ്ചകളിലും കനത്ത മഞ്ഞുവീഴ്ച തുടരുമെന്ന് നാഷണൽ വെതർ സർവീസ് അറിയിച്ചു. ന്യൂ മെക്സിക്കോയിൽ ചില പ്രദേശങ്ങളിൽ ഒരു അടിയിലധികം മഞ്ഞുവീഴ്ച രേഖപ്പെടുത്തിയിട്ടുണ്ട്. യുഎസ് ജനസംഖ്യയുടെ 40 ശതമാനത്തിലധികം പേർ ശൈത്യക്കെടുതിയിൽ വലയുന്നതായാണ് റിപ്പോർട്ട്.
മഞ്ഞ് ഉരുകാൻ കൂടുതൽ സമയം വേണ്ടിവരുമെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു. വാഹനയാത്രയ്ക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും ഹൈവേകളിൽ മണിക്കൂറിൽ 35 മൈൽ വേഗപരിധി നിർദേശിച്ചിട്ടുണ്ടെന്നും ന്യൂജേഴ്‌സി ഗവർണർ അറിയിച്ചു. ആളുകൾ അത്യാവശ്യമില്ലാതെ വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്നും നിർദേശം നൽകിയിട്ടുണ്ട്.
ജനുവരി 22ഓടെയാണ് കാലിഫോർണിയയുടെയും പടിഞ്ഞാറൻ മെക്സിക്കോയുടെയും തീരപ്രദേശങ്ങളിൽ അസാധാരണമായ രീതിയിൽ വിന്റർ സ്റ്റോം ഫേൺ രൂപംകൊണ്ടത്. ഇതിന്റെ ഫലമായി കനത്ത മഞ്ഞുവീഴ്ചയും കൊടുങ്കാറ്റും അനുഭവപ്പെട്ടു. തുടർന്ന് ദിവസങ്ങളിൽ ശൈത്യക്കെടുതി തെക്കൻ മേഖലകളിലേക്കും വ്യാപിക്കുകയായിരുന്നുവെന്ന് കാലാവസ്ഥാ വകുപ്പുകൾ അറിയിച്ചു.
