*എസ്‌ഐആറില്‍ ആശങ്ക ഒഴിയുന്നില്ല; രേഖകള്‍ സമര്‍പ്പിക്കേണ്ട 37 ലക്ഷം പേരില്‍ പകുതി പേരുടെയും ഹിയറിങ് പൂര്‍ത്തിയായില്ല*

വോട്ടർപട്ടിക തീവ്ര പരിഷ്‌കരണത്തില്‍ ഹിയറിങ് നടപടിയില്‍ ആശങ്ക ഒഴിയുന്നില്ല. 37 ലക്ഷം പേർ രേഖകള്‍ സമർപ്പിക്കേണ്ടതില്‍ ഹിയറിങ് പൂർത്തിയാക്കിയത് 13.5 ലക്ഷം പേർ മാത്രമാണ്.

സമയം നീട്ടിനല്‍കിയില്ലെങ്കില്‍ ലക്ഷങ്ങള്‍ പുറത്തുപോകാൻ സാധ്യത.

ഫെബ്രുവരി 14 ആണ് ഹിയറിങിനുള്ള അവസാന സമയം. ലോജിക്കല്‍ ഡിസ്‌ക്രിപൻസി വിഭാഗത്തിലുള്ളവർ ഉള്‍പ്പെടെ 37 ലക്ഷം പേരാണ് ഹിയറിങ് നടപടിയുടെ ഭാഗമാകേണ്ടത്. ഹിയറിങ്ങിന് ഹാജരാകേണ്ടതില്‍ കമ്മീഷൻ പ്രസിദ്ധീകരിച്ചത് 19.32 ലക്ഷം പേരാണ്. ബാക്കിയുള്ളവർ വോട്ടർപട്ടികയില്‍ നിന്ന് പുറത്താകുമോ എന്ന ആശങ്കയുണ്ട്.

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അന്തിമ വോട്ടർപട്ടിക ഫെബ്രുവരി 21നാണ് പ്രസിദ്ധീകരിക്കുന്നത്. 2002ലെ പട്ടികയുമായി വിവരങ്ങള്‍ കൂട്ടിയിണക്കാൻ സാധിക്കാത്തവർക്ക് പുറമെ പേരില്‍ അക്ഷരത്തെറ്റ് സംഭവിച്ചവർ ഉള്‍പ്പെടെയുള്ളവർക്കും നോട്ടീസ് നല്‍കുന്നു. പ്രതിപക്ഷം ഇതിനെതിരെ കമ്മീഷനെ സമീപിച്ചിട്ടുണ്ടെങ്കിലും ഹിയറിങ് ഒഴിവാക്കാൻ ഇആർഒമാരാണ് തീരുമാനമെടുക്കേണ്ടത്.

അതേസമയം, വോട്ടർ പട്ടിക തീവ്ര പരിഷ്‌കരണത്തില്‍ പുതിയ വോട്ടർക്കുള്ള ഓണ്‍ലൈൻ അപേക്ഷയില്‍ തിരുത്തലുകള്‍ക്ക് അവസരമുണ്ടാകില്ല. ഫോം ആറ് വഴി അപേക്ഷ നല്‍കുമ്പോള്‍ എന്തെങ്കിലും പിഴവ് സംഭവിച്ചാല്‍ ബിഎല്‍ഒയുടെ ഫീല്‍ഡ് വെരിഫിക്കേഷനിലായിരിക്കും തിരുത്തലുകള്‍ സാധ്യമാകുക.പിഴവ് സംഭവിച്ചെന്ന് കരുതി ഫോം ആറ് വഴി വീണ്ടും അപേക്ഷ നല്‍കിയാല്‍ അപേക്ഷ നിരസിക്കാൻ വരെ കാരണമാകുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിരുന്നു.