വന്ദേ ഭാരതിൽ കുഴഞ്ഞുവീണ 23 വയസ്സുകാരന് ദാരുണാന്ത്യം...

തൃശ്ശൂർ: വന്ദേ ഭാരത് എക്സ്പ്രസ്സിൽ യാത്ര ചെയ്യുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞുവീണ യുവാവിന് ദാരുണാന്ത്യം. തിരുവനന്തപുരം ആനയിടവഴി സ്വദേശിയും ടെക്നോപാർക്ക് ഉദ്യോഗസ്ഥനുമായ അഭിരാം ആണ് മരിച്ചത് 23 വയസ്സായിരുന്നു. ഞായറാഴ്ച വൈകീട്ട് തൃശ്ശൂർ റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം. ആശുപത്രിയില്‍ എത്തിക്കാൻ റെയിൽവേ അധികൃതരുടെ ഭാഗത്തുനിന്ന് കൃത്യമായ സഹായം ലഭിച്ചില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു.

പാലക്കാട് നെല്ലിയാമ്പതിയിൽ വിനോദയാത്ര കഴിഞ്ഞ് കുടുംബത്തോടൊപ്പം മടങ്ങുകയായിരുന്നു അഭിരാം. തൃശ്ശൂർ സ്റ്റേഷനിൽ എത്തുന്നതിന് തൊട്ടുമുമ്പ് യുവാവ് ട്രെയിനിൽ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻതന്നെ ടി.ടി.ഇയെ വിവരമറിയിച്ചെങ്കിലും സ്റ്റേഷനിൽ എത്തിയപ്പോൾ ആംബുലൻസോ മറ്റ് മെഡിക്കൽ സൗകര്യങ്ങളോ ലഭ്യമായിരുന്നില്ലെന്ന് ബന്ധുവായ അഭിലാഷ് പറയുന്നു.

റെയിൽവേ പോലീസിനോട് സഹായം അഭ്യർത്ഥിച്ചിട്ടും ഫലമുണ്ടായില്ലെന്നും തുടർന്ന് സ്റ്റേഷനിലെ ഭക്ഷണ വിതരണക്കാരായ യുവാക്കളാണ് മുന്നോട്ടുവന്ന് ടാക്സി വിളിച്ച് അഭിരാമിനെ ആശുപത്രിയില്‍ എത്തിച്ചതെന്നും ബന്ധുക്കൾ പറയുന്നു. എന്നാൽ 108 ആംബുലൻസ് വൈകുമെന്നതിനാല്‍ ടാക്സി ഏർപ്പാടാക്കിരുന്നു എന്നാണ് റെയിൽവേയുടെ വിശദീകരണം. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു..

വെള്ളിയാഴ്ച രാത്രി ഹോട്ടലിൽ നിന്ന് കഴിച്ച ഭക്ഷണത്തിന് (മന്തി) പിന്നാലെ ശനിയാഴ്ച അഭിരാമിന് വയറുവേദനയും, ചർദ്ദിയും അനുഭവപ്പെട്ടിരുന്നു. അവിടെ ചികിത്സ തേടി അസുഖം ഭേദമായെന്ന് കരുതിയാണ് യാത്ര തുടർന്നത്..
​ആന്തരിക അവയവങ്ങൾ രാസപരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ യഥാർത്ഥ മരണകാരണം വ്യക്തമാകൂ എന്ന് തൃശ്ശൂർ മെഡിക്കൽ കോളേജ് ഫോറൻസിക് വിഭാഗം അറിയിച്ചു...