മുരാരി ബാബുവിന്‍റെ കോട്ടയത്തെ വീട്ടിലും ഉണ്ണികൃഷ്ണൻ പോറ്റിയുടെ തിരുവനന്തപുരം കിളിമാനൂര്‍ പുളിമാത്തുള്ള വീട്ടിലും എൻ വാസുവിന്‍റെ പേട്ടയിലെ വീട്ടിലും എ പത്മകുമാറിന്‍റെ ആറന്മുളയിലെ വീട്ടിലുമാണ് ഇഡി റെയ്ഡ് ആരംഭിച്ചിരിക്കുന്നത്. ശബരിമല സ്വര്‍ണക്കൊള്ള കേസിലെ സാമ്പത്തിക ഇടപാടുകളടക്കമാണ് ഇഡി അന്വേഷിക്കുന്നത്.ശബരിമല സ്വര്‍ണക്കൊള്ള കേസ് അന്വേഷണം ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ എസ്ഐടി സംഘം അന്വേഷിക്കുന്നതിനിടെയാണ് കേസിലെ സാമ്പത്തിക ഇടപാട് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കൽ അടക്കം നടന്നിട്ടുണ്ടോയെന്ന കാര്യത്തിലാണ് ഇഡി അന്വേഷണം. ഇതുമായി ബന്ധപ്പെട്ട നിര്‍ണായക പരിശോധനയാണ് ഇഡി ആരംഭിച്ചിരിക്കുന്നത്.
സ്വര്‍ണക്കൊള്ള കേസിൽ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം കേസെടുത്താണ് ഇഡി അന്വേഷണം ആരംഭിച്ചിരുന്നത്. എസ്ഐടി പ്രതിചേർത്ത തന്ത്രി കണ്ഠര് രാജീവരടക്കം മുഴുവൻ പേരെയും പ്രതി ചേർത്താണ് ഇഡി ഇസിഐആർ രജിസ്റ്റർ ചെയ്തത്. ഉണ്ണികൃഷ്ണൻ പോറ്റി ഒന്നാംപ്രതിയായ കേസിൽ മുൻ ദേവസ്വം പ്രസിഡന്‍റ് എ. പത്മകുമാർ, എൻ. വാസു ഉൾപ്പെടെ പതിനഞ്ചിലേറെ പേർ പ്രതിയാക്കിയാണ് ഇഡി കേസ് എടുത്തത്. 15ലധികം വരുന്ന പ്രതികളുടെ വീടുകളിലും ഇവരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലുടമക്കം ഇഡി റെയ്ഡ് നടത്തുന്നുണ്ട്. കേരളം, കര്‍ണാടക, തമിഴ്നാട് അടക്കം മൂന്നു സംസ്ഥാനങ്ങളിലായാണ് പരിശോധനയെന്നാണ് വിവരം. അന്വേഷണത്തിന്‍റെ ഭാഗമായുള്ള റെയ്ഡിനുശേഷം സ്വത്ത് കണ്ടുക്കെട്ടൽ നടപടികളിലേക്കും വരും ദിവസങ്ങളിൽ ഇഡി കടന്നേക്കും. എസ്ഐടി അന്വേഷണം തുടങ്ങിയപ്പോൾ തന്നെ ഇഡിയുടെ ഇന്‍റലിജൻസ് വിഭാഗം പ്രാഥമിക അന്വേഷണം തുടങ്ങിയിരുന്നു. സ്വർണക്കൊള്ളയിൽ വൻതോതിൽ കള്ളപ്പണ ഇടപാട് നടന്നെന്നാണ് ഇഡിയ്ക്ക് ലഭിച്ച വിവരം. കേസിൽ പ്രതികളുടെ മൊഴിയും എഫ്ഐആറും അടക്കമുള്ള രേഖകൾ നേരത്തെ കൊല്ലം വിജിലൻസ് കോടതി ഇഡിയക്ക് കൈമാറിയിരുന്നു. സർക്കാറിന്‍റെ എതിർപ്പ് മറികടന്നായിരുന്നു നടപടി. കോടതി മേൽനോട്ടത്തിൽ നടക്കുന്ന അന്വേഷണത്തിന്‍റെ രഹസ്യ സ്വഭാവം സമാന്തര അന്വേഷണം വന്നാൽ തടസ്സപ്പെടുമെന്നായിരുന്നു പ്രധാന വാദം. എന്നാൽ, കള്ളപ്പണം വെളുപ്പിൽ തടയൽ നിയമം പ്രകാരം ഇഡി ക്ക് അന്വേഷണം നടത്താമെന്നായിരുന്നു നിലപാട്. നിലവിലെ പ്രതികൾക്ക് പുറമെ മുൻ മന്ത്രിയും സിപിഎം നേതാവുമായി കടകംപള്ളി സുരേന്ദ്രൻ അടക്കം അന്വേഷണ പരിധിയിൽ വരും. നേരത്തെ നയന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്തിലും വിവിധ കേന്ദ്ര ഏജൻസികളുടെ അന്വേഷണം വന്നിരുന്നു. എന്നാൽ, കൊട്ടിഘോഷിച്ച് വന്ന കേന്ദ്ര ഏജൻസികൾക്ക് കാര്യമായ കണ്ടെത്തലുകളില്ലാതെ അന്വേഷണം പൂർത്തിയാക്കുകയാണ് അന്നുണ്ടായത്
