സ്വര്‍ണവില പോലെ മുല്ലപ്പൂവിന്റെ വില കുതിക്കുന്നു; ഒരു മുഴത്തിന് 210 രൂപ


ആലപ്പുഴ: സ്വര്‍ണവിലയെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ സംസ്ഥാനത്ത് മുല്ലപ്പൂവിന്റെ വില കുത്തനെ ഉയര്‍ന്നു. ഒരു മുഴം മുല്ലപ്പൂവിന് മൊത്തവിപണിയില്‍ 160 രൂപയും ചില്ലറവിപണിയില്‍ 210 രൂപയുമാണ് നിലവിലെ വില. ഓണവിപണിയിലേതിനേക്കാള്‍ 25 ശതമാനം വരെ വര്‍ധനവാണ് ഇപ്പോള്‍ രേഖപ്പെടുത്തുന്നത്.

മഴയും മഞ്ഞും കാരണം ഉത്പാദനം കുറഞ്ഞതും വിവാഹ, ഉത്സവ സീസണുകള്‍ ആരംഭിച്ചതുമാണ് വില ഉയര്‍ന്നതിന്റെ പ്രധാന കാരണം. കിലോയ്ക്ക് 7,000 മുതല്‍ 8,000 രൂപ വരെയാണ് മുല്ലപ്പൂവിന്റെ വില. ദിവസേന വില ഉയര്‍ന്നുവരുന്നതിനൊപ്പം ആവശ്യത്തിന് പൂവ് ലഭിക്കാത്തതും വിപണിയെ ബാധിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേസമയത്ത് കിലോയ്ക്ക് 4,000 രൂപയായിരുന്നു വില.

വിവാഹകാലം, ഉത്സവങ്ങള്‍, പൊങ്കല്‍ സീസണ്‍ തുടങ്ങിയവയാണ് പെട്ടെന്നുള്ള വില വര്‍ധനവിന് കാരണമെന്നാണ് വ്യാപാരികള്‍ പറയുന്നത്. തമിഴ്‌നാട്ടിലെ ചില പ്രദേശങ്ങളില്‍ മുല്ലപ്പൂവിന്റെ വില കിലോയ്ക്ക് 12,000 രൂപ വരെ എത്തിയിട്ടുണ്ട്.