ഇന്ത്യ–ന്യൂസിലാൻഡ് ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം; സഞ്ജു സാംസൺ ഓപ്പണറാകാൻ സാധ്യത

ഇന്ത്യ–ന്യൂസിലാൻഡ് ടി20 ക്രിക്കറ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും. രാത്രി ഏഴ് മുതൽ വിദർഭ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം. അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പര ഫെബ്രുവരി ഏഴ് മുതൽ ആരംഭിക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായുള്ള നിർണായക ഒരുക്കം കൂടിയാണ്.

മലയാളി താരം സഞ്ജു സാംസൺ ഓപ്പണറും വിക്കറ്റ് കീപ്പറുമായി ടീമിലുണ്ടാകുമെന്നത് ആരാധകർക്ക് ഇരട്ടി ആവേശമാണ് നൽകുന്നത്. ടി20 ടീമിൽ നിന്ന് ശുഭ്മാൻ ഗില്ലിനെ ഒഴിവാക്കിയ സാഹചര്യത്തിലാണ് സഞ്ജുവിന് വീണ്ടും അവസരം ലഭിക്കുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അവസാന ടി20യിൽ സഞ്ജു ഓപ്പണറായി ഇറങ്ങിയിരുന്നു. ലോകകപ്പ് സ്ക്വാഡിലുമുള്ള സഞ്ജുവിൽ ടീം വലിയ പ്രതീക്ഷയാണ് വെച്ചിരിക്കുന്നത്.
ഓപ്പണിംഗ് സ്ലോട്ടിൽ അഭിഷേക് ശർമ–സഞ്ജു സാംസൺ കൂട്ടുകെട്ടായിരിക്കും. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിൽ മികച്ച പ്രകടനം കാഴ്ചവെച്ച അഭിഷേക് ഫോം തുടരാമെന്ന പ്രതീക്ഷയിലാണ് ടീം മാനേജ്മെന്റ്.

മൂന്നാം നമ്പറിൽ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ഇറങ്ങാനാണ് സാധ്യത. അടുത്ത കാലത്ത് ടി20 ഫോർമാറ്റിൽ സൂര്യയ്ക്ക് താളം കണ്ടെത്താൻ സാധിച്ചിട്ടില്ലെങ്കിലും ലോകകപ്പ് അടുത്തിരിക്കെ ഫോമിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. തിലക് വർമ്മയ്ക്ക് പരിക്കേറ്റതിനെ തുടർന്നാണ് ശ്രേയസ് അയ്യർ ടീമിലെത്തിയത്. എന്നാൽ തിലകിന് പകരം ഇഷാൻ കിഷൻ കളിക്കുമെന്നാണ് സൂചന. ഇഷാൻ മൂന്നാം നമ്പറിൽ ഇറങ്ങിയാൽ സൂര്യ നാലിലേക്ക് മാറും.

അഞ്ചാം നമ്പറിൽ ഹാർദിക് പാണ്ഡ്യ. പരിക്കിന് ശേഷം ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലൂടെയാണ് ഹാർദിക് തിരിച്ചെത്തിയത്. ബാറ്റിംഗിലും ബൗളിംഗിലും ടീമിന്റെ പ്രധാന കരുത്താണ് താരം. തുടർന്ന് ഫിനിഷറുടെ റോളിൽ റിങ്കു സിംഗ് ഉണ്ടാകും. ആവശ്യമെങ്കിൽ പന്തെറിയാനും റിങ്കുവിന് കഴിയും.

കൂടുതൽ കണ്ടെത്തുക
Politics
സ്പിൻ ഓൾറൗണ്ടറായി വൈസ് ക്യാപ്റ്റൻ അക്‌സർ പട്ടേൽ ടീമിലുണ്ടാകും. ബാറ്റിംഗിലും ബൗളിംഗിലും അക്‌സറിന്റെ സംഭാവന ഇന്ത്യയ്ക്ക് നിർണായകമാണ്. ശിവം ദുബെ എട്ടാം നമ്പറിൽ ഇറങ്ങാനാണ് സാധ്യത. ബൗളർമാരെ അനായാസം ബൗണ്ടറി കടത്താനുള്ള കരുത്ത് ദുബെയുടെ പ്രത്യേകതയാണ്. രണ്ടോ മൂന്നോ ഓവറുകൾ എറിയാനും ദുബെയ്ക്ക് കഴിയും.

പേസ് ഓൾറൗണ്ടറായ ഹർഷിത് റാണ ടീമിൽ ഇടം പിടിക്കും. റൺസ് വഴങ്ങിയാലും വിക്കറ്റെടുക്കാൻ മികവ് തെളിയിച്ചിട്ടുള്ള റാണ, ബാറ്റിംഗിലും കഴിവ് തെളിയിച്ചിട്ടുണ്ട്. ഇന്ത്യൻ പേസ് ആക്രമണത്തിന് നേതൃത്വം നൽകുക ജസ്പ്രിത് ബുമ്ര ആയിരിക്കും. ലോകകപ്പ് അടുത്തിരിക്കെ ആത്മവിശ്വാസം വീണ്ടെടുക്കുക ബുമ്രയുടെ പ്രധാന ലക്ഷ്യമാണ്.

സ്പിൻ വിഭാഗത്തിൽ വരുൺ ചക്രവർത്തിയുടെ നാല് ഓവറുകൾ ഇന്ത്യയ്ക്ക് നിർണായകമാണ്. വിക്കറ്റെടുക്കാനും ഡോട്ട് ബോളുകൾ നൽകാനും ഒരുപോലെ മികവുള്ള വരുണ്‍ കളിക്കുമ്പോൾ കുൽദീപ് യാദവിന് സാധ്യതയില്ല.