സഞ്ജു സാംസണ്‍ ഇന്ന് സ്വന്തം മണ്ണില്‍ ആദ്യമായി രാജ്യാന്തര മത്സരം കളിക്കും. ഇന്ത്യ-ന്യൂസിലന്‍ഡ് ടി20 പരമ്പരയിലെ അഞ്ചാമത്തേതും അവസാനത്തേതുമായ മത്സരമാണ് ഇന്ന് തിരുവനന്തപുരത്ത് നടക്കുക. കാര്യവട്ടം ഗ്രീന്‍ഫീള്‍ഡ് സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴ് മണിക്കാണ് മത്സരം ആരംഭിക്കും.
മലയാളി താരം സഞ്ജു സാംസണ്‍ സ്വന്തം നാട്ടുകാര്‍ക്ക് മുന്നില്‍ ആദ്യമായി ഒരു അന്താരാഷ്ട്ര മത്സരം കളിക്കുന്നു എന്നതാണ് ഈ മത്സരത്തിന്റെ പ്രധാന ആകര്‍ഷണം. കഴിഞ്ഞ മത്സരങ്ങളിലൊന്നും ഫോം കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലും സഞ്ജു സാംസണ്‍ ടീമിലുണ്ടാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. സ്വന്തം തട്ടകത്തില്‍ സഞ്ജു വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം പുറത്തെടുക്കുമെന്നും ആരാധകര്‍ കണക്കുകൂട്ടുന്നു.
നിലവില്‍ 3-1 ലീഡുമായി ഇന്ത്യ ടി20 പരമ്പര സ്വന്തമാക്കിയെങ്കിലും ലോകകപ്പിന് മുന്നോടിയായുള്ള മത്സരം ഇരു ടീമുകള്‍ക്കും നിര്‍ണായകമാണ്. അഞ്ച് മത്സരങ്ങടങ്ങിയ പരമ്പരയിലെ ആദ്യത്തെ മൂന്ന് മത്സരം ഇന്ത്യ സ്വന്തമാക്കിയെങ്കിലും വിശാഖപട്ടണത്ത് നടന്ന നാലാം മത്സരത്തില്‍ കിവികള്‍ വിജയിക്കുകയായിരുന്നു. വിജയത്തോടെ പരമ്പര അവസാനിപ്പിക്കാനായിരിക്കും ഇരുടീമുകളും ശ്രമിക്കുക. വൈകിട്ട് മൂന്ന് മുതല്‍ കാണികളെ സ്റ്റേഡിയത്തില്‍ പ്രവേശിപ്പിക്കും.
