പുലര്‍ച്ചെ നാല് മണിവരെ ഓടിയ ഇലക്ട്രിക് ഫീഡര്‍ ബസുകളില്‍ 6,817 പേരും, പുലര്‍ച്ചെ 5.10 വരെ അധിക സര്‍വീസുകളോടെ പ്രവര്‍ത്തിച്ച വാട്ടര്‍ മെട്രോയില്‍ 15,000ത്തിലധികം പേരും സഞ്ചരിച്ചു. ഇതോടെ പുതുവര്‍ഷ രാവില്‍ കൊച്ചി മെട്രോ സമ്പൂര്‍ണ്ണ ഗതാഗത സംവിധാനവും റെക്കോര്‍ഡ് നേട്ടം കൈവരിച്ചു. ഡിസംബര്‍ 31ന് മാത്രം 44,67,688 രൂപ വരുമാനം നേടി കൊച്ചി മെട്രോ ട്രെയിന്‍ പ്രതിദിന വരുമാനത്തിലും പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചു.പുതുവര്‍ഷാഘോഷ തിരക്ക് ഫലപ്രദമായി നിയന്ത്രിക്കാന്‍ കൃത്യവും സുരക്ഷിതവുമായ മെട്രോ സര്‍വീസ് ജില്ലാ ഭരണകൂടത്തിനും പൊലീസിനും വലിയ പിന്തുണയായതായി അധികൃതര്‍ വ്യക്തമാക്കി. ഈ നേട്ടത്തിന് പിന്നില്‍ കൂട്ടായ പരിശ്രമമാണെന്ന് കെഎംആര്‍എല്‍ മാനേജിംഗ് ഡയറക്ടര്‍ ലോക്നാഥ് ബഹ്റ പറഞ്ഞു. കൃത്യതയുള്ള സര്‍വീസ്, ശുചിത്വം, ജീവനക്കാരുടെ മികച്ച പെരുമാറ്റം, യാത്രക്കാരുടെ സഹകരണം, മാധ്യമ-സോഷ്യല്‍ മീഡിയ പ്രചരണം, ഉപഭോക്തൃ സൗഹൃദ സാങ്കേതികവിദ്യകള്‍ തുടങ്ങിയ ഘടകങ്ങള്‍ നേട്ടത്തിന് സഹായകരമായതായും അദ്ദേഹം വ്യക്തമാക്കി.ഫസ്റ്റ് മൈല്‍-ലാസ്റ്റ് മൈല്‍ കണക്ടിവിറ്റി മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 15 ഇലക്ട്രിക് ഫീഡര്‍ ബസുകള്‍ വിവിധ റൂട്ടുകളില്‍ മെട്രോ സ്റ്റേഷനുകളെയും വാട്ടര്‍ മെട്രോ സ്റ്റേഷനുകളെയും ബന്ധിപ്പിച്ച് സര്‍വീസ് നടത്തി. ഫോര്‍ട്ട് കൊച്ചിയില്‍ നിന്ന് ജങ്കാര്‍ വഴി വൈപ്പിനിലെത്തിയ യാത്രക്കാരെ വിവിധ ഭാഗങ്ങളിലേക്കും എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലേക്കും എത്തിക്കുന്നതിലും ഫീഡര്‍ ബസുകള്‍ നിര്‍ണായകമായി.
പുതുവര്‍ഷാഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി വാട്ടര്‍ മെട്രോയും റെക്കോര്‍ഡ് നേട്ടം കൈവരിച്ചു. മട്ടാഞ്ചേരി-ഹൈക്കോര്‍ട്ട്, വൈപ്പിന്‍-ഹൈക്കോര്‍ട്ട് റൂട്ടുകളില്‍ അധിക സര്‍വീസ് ഉള്‍പ്പെടെ പുലര്‍ച്ചെ 5.10 വരെ സര്‍വീസ് നടത്തിയ വാട്ടര്‍ മെട്രോയില്‍ 15,000ത്തോളം പേര്‍ യാത്ര ചെയ്തു. 2017ല്‍ സര്‍വീസ് ആരംഭിച്ച കൊച്ചി മെട്രോയില്‍ ഇതുവരെ 17.52 കോടി യാത്രകള്‍ പൂര്‍ത്തിയായി. ഈ വര്‍ഷം മാത്രം യാത്രക്കാരുടെ എണ്ണം 3.65 കോടിയായി ഉയര്‍ന്നു. ഡിസംബറില്‍ മാത്രം 32.68 ലക്ഷം പേര്‍ കൊച്ചി മെട്രോ സേവനം ഉപയോഗിച്ചു. നഗരത്തില്‍ ഹരിത ഗതാഗത സംവിധാനം യാഥാര്‍ത്ഥ്യമായിക്കൊണ്ടിരിക്കുകയാണെന്ന് കെഎംആര്‍എല്‍ അധികൃതര്‍ വ്യക്തമാക്കി.
