*ദീപക് ജീവനൊടുക്കിയ സംഭവത്തിൽ പ്രതി ഷിംജിതയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു; മഞ്ചേരി ജയിലിലേക്ക് മാറ്റും*

കോഴിക്കോട്: ഇന്‍സ്റ്റഗ്രാം റീലിലൂടെയുള്ള ലൈംഗികാതിക്രമ ആരോപണത്തെ തുടര്‍ന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ കേസില്‍ പ്രതി ഷിംജിത മുസ്തഫ റിമാൻഡിൽ.ഷിംജിതയെ മഞ്ചേരി ജയിലേക്ക് കൊണ്ടുപോയി. വടകരയിലെ ബന്ധുവീട്ടില്‍ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.കുന്നമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് 14 ദിവസത്തേക്ക് ഷിംജിത മുസ്തഫയെ റിമാന്‍ഡ് ചെയ്തത്. സംഭവം നടന്ന് ആറാം ദിവസമാണ് ഷിംജിത അറസ്റ്റിലാവുന്നത്. 

കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധന പൂര്‍ത്തിയാക്കി. മഫ്തിയിലാണ് പൊലിസ് ഉദ്യോഗസ്ഥര്‍ ഷിംജിതയെ വൈദ്യ പരിശോധനയ്ക്ക് എത്തിച്ചത്.

കഴിഞ്ഞ വെള്ളിയാഴ്ച്ചയായിരുന്നു കേസിന്നാസ്പദമായ സംഭവം. പയ്യന്നൂരിലെ ബസ് യാത്രക്കിടെ ലൈംഗിക അതിക്രമം നേരിടേണ്ടി വന്നുവെന്ന് ചൂണ്ടിക്കാട്ടി ഷിംജിത ഇൻസ്റ്റഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു. ഒരു ദിവസം കൊണ്ട് തന്നെ ആ വീഡിയോ 23ലക്ഷം പേരാണ് കണ്ടത്. ഇത് പ്രചരിച്ചതോടെയാണ് ദീപക്ക് ജീവനൊടുക്കിയത്