*കേരളീയരുടെ ആയുര്‍ദൈര്‍ഘ്യം 10 വര്‍ഷം കൂടും; 2051 ല്‍ പ്രായം കൂടിയവരുടെ നാടാകും*

കേരളത്തിലെ ജനങ്ങളുടെ ആയുസ് വര്‍ധിക്കുമെന്ന് പഠനം വ്യക്തമാക്കുമ്പോള്‍ കേരളത്തിലെ ജനന നിരക്കില്‍ കാര്യമായ കുറവുണ്ടാകും
കേരളീയരുടെ ആയുര്‍ദൈര്‍ഘ്യം അടുത്ത 25 വര്‍ഷത്തില്‍ പത്ത് വര്‍ഷമായി ഉയരുമെന്ന് പഠനം. 2051 ആകുമ്പോഴേക്കും കേരളത്തിലെ സ്ത്രീകളുടെ പുരുഷന്‍മാരുടെയും ആയുസ് പത്ത് വര്‍ഷത്തോളം വര്‍ധിക്കും എന്നാണ് വിലയിരുത്തല്‍. എന്നാല്‍ സംസ്ഥാനത്തെ ആകെ ജനസംഖ്യയില്‍ പ്രായം കൂടിയവരുടെ എണ്ണം വര്‍ധിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കേരളത്തിലെ പുരുഷന്മാരുടെ ആയുര്‍ദൈര്‍ഘ്യം 2021 ല്‍ ശരാശരി 70.4 എന്നതാണ്. 2051 ല്‍ ഇത് 80 ലേക്ക് ഉയരും. സ്ത്രീകളുടെ ആയുര്‍ദൈര്‍ഘ്യം 75.9 വര്‍ഷത്തില്‍ നിന്ന് 85.7 വര്‍ഷമായും ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 'ഇന്ത്യയുടെ ജനസംഖ്യാപരമായ ഭാവി വിശകലനം' എന്ന പഠനത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.

കേരളത്തിലെ ജനങ്ങളുടെ ആയുസ് വര്‍ധിക്കുമെന്ന് പഠനം വ്യക്തമാക്കുമ്പോള്‍ കേരളത്തിലെ ജനന നിരക്കില്‍ കാര്യമായ കുറവുണ്ടാകും എന്നും പഠനങ്ങള്‍ പറയുന്നു. 2041 ല്‍ കേരളത്തിലെ ജനസംഖ്യ 3.65 കോടിയായി ഉയരും. പിന്നീട് ക്രമാനുഗതമായ കുറവ് രേഖപ്പെടുത്തു. 2051 ആകുമ്പോഴേക്കും സംസ്ഥാനത്തെ ജനസംഖ്യ 3.55 കോടിയായി കുറയും. കേരളത്തെ പ്രായമേറിയവരുടെ സംസ്ഥാനമാക്കി മാറ്റുന്ന നിലയിലേക്കാണ് ഈ സാഹചര്യം എത്തിക്കുക എന്നാണ് ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷന്‍ ആന്‍ഡ് ഡെവലപ്മെന്റ് (ഐഐഎംഎഡി), പോപ്പുലേഷന്‍ (ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ) എന്നിവ നടത്തിയ പഠനത്തില്‍ പരാമര്‍ശിക്കുന്നത്.