സംസ്ഥാനത്ത് പുതിയ തിരിച്ചറിയല്‍ രേഖ; ഫോട്ടോ പതിപ്പിച്ച നേറ്റിവിറ്റി കാര്‍ഡ് നല്‍കുമെന്ന് മുഖ്യമന്ത്രി; SIR ഹെല്‍പ് ഡസ്‌കുകള്‍ ആരംഭിക്കാന്‍ മന്ത്രിസഭാ യോഗ തീരുമാനം


തിരുവനന്തപുരം: കേരളത്തിൽ പുതിയ തിരിച്ചറിയല്‍ രേഖ വരുന്നു. ജനങ്ങള്‍ക്ക് ഫോട്ടോ പതിപ്പിച്ച നേറ്റിവിറ്റി കാര്‍ഡ് നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കേരളത്തില്‍ ജീവിക്കുന്നയാളെന്ന് തെളിയിക്കാനാണ് കാര്‍ഡ് നല്‍കുന്നതെന്നും പൗരത്വ ആശങ്കകള്‍ക്ക് ഒരു പരിധിവരെ പ്രതിരോധമാകുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

ഇതിനായി പ്രത്യേക നിയമനിര്‍മാണം നടത്തും. കാര്‍ഡിന് എസ്ഐആറുമായി ബന്ധമില്ലെന്നും ഭീതി ഒഴിവാക്കാനാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. കാര്‍ഡ് നല്‍കാനുള്ള അധികാരം തഹസില്‍ദാര്‍മാര്‍ക്കാണ്. 

എസ്‌ഐആര്‍ നടപടിക്രമങ്ങളുടെ ഭാഗമായി 24 ലക്ഷത്തിലധികം പേര്‍ ഒഴിവാക്കപ്പെടുകയും 19 ലക്ഷത്തിലധികം പേര്‍ വീണ്ടും ഹിയറിങ്ങിന് എത്തേണ്ട അവസ്ഥയുമുണ്ടായ സാഹചര്യത്തില്‍ ഇത്തരക്കാരെ സഹായിക്കാന്‍ വില്ലേജ് ഓഫിസുകള്‍ കേന്ദ്രീകരിച്ച് ഹെല്‍പ് ഡസ്‌കുകള്‍ ആരംഭിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. വില്ലേജ് ഓഫിസില്‍ സൗകര്യമില്ലെങ്കില്‍ തൊട്ടടുത്ത സര്‍ക്കാര്‍ ഓഫിസില്‍ സൗകര്യം ഒരുക്കും. ഇവിടെ രണ്ട് ഉദ്യോഗസ്ഥരെ നിയോഗിക്കും. അതത് ജില്ലാ കലക്ടര്‍മാര്‍ക്കാണ് ചുമതല. ഉന്നതി, തീരദേശമേഖല എന്നിവിടങ്ങളില്‍ നേരിട്ടെത്തി സഹായം നല്‍കും.അങ്കണവാടി, ആശാ വര്‍ക്കര്‍മാരുടെ സേവനം ഉപയോഗപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തുള്ളവര്‍ ഇവിടെ താമസിക്കുന്നുവെന്ന് തെളിയിക്കാന്‍ നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റിനു പകരം ഫോട്ടോ പതിപ്പിച്ച സ്ഥിരം നേറ്റിവിറ്റി കാര്‍ഡ് നല്‍കാനും മന്ത്രിസഭ തീരുമാനിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ കാര്‍ഡിന് നിയമപ്രാബല്യം നല്‍കുന്നതിനുള്ള നിയമത്തിന്റെ കരട് തയാറാക്കാന്‍ റവന്യൂവകുപ്പിനെ ചുമതലപ്പെടുത്തി.