സംസ്ഥാന കടുവ സെന്‍സസ് ആദ്യഘട്ടം സമാപിച്ചു; അടുത്ത റൗണ്ട് ഫെബ്രുവരിയില്‍


കോതമംഗലം: സംസ്ഥാനത്ത് നടക്കുന്ന ദേശീയ കടുവാ സെന്‍സസിന്റെ ആദ്യഘട്ടം എട്ട് ദിവസത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം തിങ്കളാഴ്ച പൂര്‍ത്തിയായി. അടുത്ത ഘട്ട കണക്കെടുപ്പ് ഫെബ്രുവരിയിലേക്ക് നിര്‍ണ്ണയിച്ചിട്ടുണ്ട്. സംസ്ഥാനവ്യാപകമായി വനംവകുപ്പിന്റെ 36 ഡിവിഷനുകളിലായി 686 ബ്ലോക്കുകളാക്കി വിഭജിച്ച മേഖലയിലാണ് കണക്കെടുപ്പ് തുടരുന്നത്. സെന്‍സസിന്റെ ആദ്യഘട്ടം മൂന്ന് വേര്‍തിരിച്ച ഘടകങ്ങളിലായി നടന്നു.

ഓരോ ബ്ലോക്കിലും നാലംഗ സംഘങ്ങളാണ് പ്രവര്‍ത്തിച്ചത്. കടുവകളെ നേരിട്ട് കണ്ടുമറ്റും ‘ട്രാന്‍സെക്ട് ലൈന്‍’ രീതി പ്രയോഗിച്ചുമാണ് കണക്കെടുപ്പ് മുന്നോട്ടുപോയത്. കടുവകള്‍ മാത്രമല്ല, മറ്റു വന്യജീവികളുടേയും വിവരങ്ങള്‍ ശേഖരിക്കുകയാണ്. ഇതിന് എംസ്ട്രിപ്പ് മൊബൈല്‍ ആപ്ലിക്കേഷനും ഉപയോഗിച്ചു. ആദ്യ മൂന്ന് ദിവസങ്ങളില്‍, ഓരോ സംഘവും കുറഞ്ഞത് അഞ്ച് കിലോമീറ്റര്‍ സഞ്ചരിച്ചു കടുവകളുടെ നേരിട്ടുള്ള ദൃശ്യങ്ങളും കാല്‍പ്പാടുകള്‍, കാഷ്ഠം ഉള്‍പ്പെടെയുള്ള സാന്നിധ്യചിഹ്നങ്ങളും രേഖപ്പെടുത്തി.
തുടര്‍ന്ന് രണ്ട് ദിവസം രണ്ട് കിലോമീറ്റര്‍ നീളം വരുന്ന ട്രാന്‍സെക്ട് പാത സജ്ജമാക്കി. ഇതിലൂടെ സസ്യഭുക്കുകളുടെയും ഇര ജീവികളുടെയും സാന്നിധ്യം കണ്ടെത്തി. അവസാന മൂന്ന് ദിവസങ്ങളില്‍ ഈ ട്രാന്‍സെക്ട് വഴിയുള്ള പരിശോധനയില്‍ കടുവയുടെ മരമാന്തിയ പാടുകള്‍, കാഷ്ഠം തുടങ്ങിയ തെളിവുകള്‍ കൂടി ശേഖരിച്ചു.

വനപാലകരോടൊപ്പം ദിവസവേതന വാച്ചര്‍മാരും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും കോളേജ് വിദ്യാര്‍ഥികളും സെന്‍സസ് പ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. കോട്ടയം സിസിഎഫും ഫീല്‍ഡ് ഡയറക്ടറും ആയ പി.പി. പ്രമോദ് സംസ്ഥാന സെന്‍സസിന്റെ നോഡല്‍ ഓഫീസറാണ്.