തലസ്ഥാനം നയിക്കാൻ വി വി രാജേഷ്; ആശാ നാഥ് ഡെപ്യൂട്ടി മേയർ, നിർണായക പ്രഖ്യാപനം തിരക്കിട്ട ചർച്ചകൾക്കൊടുവിൽ

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിൽ ബിജെപി മേയർ സ്ഥാനാർത്ഥിയായി വി വി രാജേഷിനെ പ്രഖ്യാപിച്ചു. ജില്ല കമ്മിറ്റി ഓഫീസിൽ നടന്ന അടിയന്തര യോ​ഗത്തിന് ശേഷമാണ് തീരുമാനം. ആശാ നാഥ് ആണ് ഡെപ്യൂട്ടി മേയർ സ്ഥാനാർഥി. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷ് ആണ് പ്രഖ്യാപിച്ചത്. മേയർ, ഡെപ്യൂട്ടി മേയർ സ്ഥാനാർത്ഥികൾക്ക് ആർ ശ്രീലേഖ മധുരം നൽകി സന്തോഷം പങ്കുവെച്ചു. 
തലസ്ഥാനത്തെ ബിജെപിയുടെ മുഖമായ വിവി രാജേഷ് ബിജെപി സംസ്ഥാന സെക്രട്ടറിയാണ്. കൊടുങ്ങാനൂർ കൗൺസിലറുമാണ് ഇദ്ദേഹം. കൗൺസിലറായി ഇത് രണ്ടാമൂഴമാണ്. ജില്ല പ്രസിഡന്റ് കരമന ജയൻ, വി വി രാജേഷ്, ആർ ശ്രീലേഖ, ജില്ല ജനറൽ പാപ്പനം കോട് സജി എന്നിവർ അടിയന്തര ചർച്ചയിൽ പങ്കെടുത്തു. രാജേഷിനായി അവസാന നിമിഷം ഇടപെട്ടത് മുരളീധര പക്ഷമെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ.

മേയർ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്ന മുൻ ഡി ജി പി ആർ ശ്രീലേഖ ഡെപ്യൂട്ടി മേയറുമാകില്ല. കൂടുതൽ വിജയ സാധ്യത കൂടുതൽ ഉള്ള സീറ്റ് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് വിവരം. ശ്രീലേഖയെ മേയർ ആക്കാനുള്ള നീക്കത്തെ പാർട്ടിയിലെ ഒരു വിഭാഗം ശക്തമായി എതിർത്തതോടെയാണ് തീരുമാനം മാറിയത്. തിരുവനന്തപുരം കോർപ്പറേഷനില്‍ മേയർ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മുൻ എംഎൽഎ കെ എസ് ശബരീനാഥനാണ് മത്സരിക്കുന്നത്. ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് മേരി പുഷ്പവും. പുന്നക്കാമു​ഗൾ കൗൺസിലറും ജില്ലാ കമ്മിറ്റി അംഗവുമായ ആർ പി ശിവജിയാണ് എൽഡിഎഫിന്റെ മേയർ സ്ഥാനാർത്ഥി.