സാധാരണ ഉപഗ്രഹങ്ങളില്‍ നിന്നും വ്യത്യസ്തമാണ് ബ്ലൂബേര്‍ഡ് ബ്ലോക്ക്-2. ബഹിരാകാശത്ത് സ്ഥാപിച്ചിട്ടുള്ള ഒരു മൊബൈല്‍ ടവര്‍ പോലെയാണ് ഇവ പ്രവര്‍ത്തിക്കുക. പ്രത്യേക സാറ്റലൈറ്റ് ഫോണുകളോ വലിയ ഡിഷ് ആന്റിനകളോ ഇല്ലാതെ തന്നെ ഉപഭോക്താവിന്റെ കൈവശമുള്ള സാധാരണ 4ജി, 5ജി സ്മാര്‍ട്ട്ഫോണുകളില്‍ നേരിട്ട് ഇന്റര്‍നെറ്റും വോയിസ് കോളുകളും ലഭ്യമാക്കാന്‍ ഈ സാങ്കേതികവിദ്യയ്ക്കാകും.
6100 കിലോ ഗ്രാമാണ് ഉപഗ്രഹത്തിന്റെ ഭാരം. ഉപഗ്രഹാധിഷ്ടിത ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കുന്ന കമ്പനിയാണ് എഎസ്ടി സ്‌പേസ് മൊബൈല്‍. നേരിട്ട് മൊബൈല്‍ ഫോണുകളില്‍ ഉപഗ്രഹ ഇന്റര്‍നെറ്റ് ലഭ്യമാക്കാനാണ് ഇവര്‍ പദ്ധതിയിടുന്നത്. രണ്ട് മാസത്തിനിടെയുള്ള എല്‍വിഎം 3യുടെ രണ്ടാം വിക്ഷേപണമാണിത്. ഇത്രയും ചെറിയ ഇടവേളയില്‍ എല്‍വിഎം 3 ദൗത്യങ്ങള്‍ നടക്കുന്നതും ഇതാദ്യമായാണ്.
ഏകദേശം 15 മിനിറ്റ് നീണ്ട യാത്രയ്ക്ക് ശേഷം, ബ്ലൂബേര്‍ഡ് ബ്ലോക്ക് -2 എന്ന ബഹിരാകാശ പേടകം വേര്‍പിരിഞ്ഞ് ഏകദേശം 520 കിലോമീറ്റര്‍ ഉയരത്തില്‍ ഭ്രമണപഥത്തിലെത്തുമെന്ന് ഇസ്രോ അറിയിച്ചു. ഇസ്രോയുടെ വാണിജ്യ വിഭാഗമായ ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡും (എന്‍എസ്ഐഎല്‍) യുഎസ് ആസ്ഥാനമായുള്ള എഎസ്ടി സ്പേസ് മൊബൈലും (എഎസ്ടി ആന്‍ഡ് സയന്‍സ്, എല്‍എല്‍സി) തമ്മില്‍ ഒപ്പുവച്ച വാണിജ്യ കരാറിന്റെ ഭാഗമായായിരുന്നു ദൗത്യം.
ഐഎസ്ആര്‍ഒ ഇതുവരെ വിക്ഷേപിച്ചിട്ടുള്ള ഏറ്റവും ഭാരമേറിയ വിദേശ ഉപഗ്രഹങ്ങളില്‍ ഒന്നാണ് ബ്ലൂബേഡ് ബ്ലോക്ക്-ടു. എല്‍ എം വി-ത്രീ-യില്‍ ഐ എസ് ആര്‍ ഒ നടത്തുന്ന ഒമ്പതാമത്തെ വിക്ഷേപണമാണിത്
