കൃത്യമായ ഭക്ഷണം, ഉറക്കം, വ്യായാമം എന്നിവ ആരോഗ്യകരമായ ജീവിതത്തിനാവശ്യമായ പ്രധാന ഘടകങ്ങളാണ്. എന്നാല്‍ ഇവ അതിരുകടന്നാല്‍ ശരീരത്തിന് ഗുണം ചെയ്യുന്നതിനുപകരം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കാമെന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഉറക്കം ശരീരത്തിന്റെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് അനിവാര്യമാണ്.
എന്നാല്‍ ഉറക്കക്കുറവ് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നതുപോലെ തന്നെ അമിത ഉറക്കവും അപകടകരമാണെന്ന് പഠനം വ്യക്തമാക്കുന്നു. ദീര്‍ഘനേരം ഉറങ്ങുന്നത് സ്വതന്ത്രമായൊരു രോഗമല്ല, മറിച്ച് ശരീരത്തിലെ ആരോഗ്യദൗര്‍ബല്യങ്ങളുടെ ലക്ഷണമാണെന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍. യുഎസ് നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍, പതിവായി ഒമ്പത് മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങുന്നവരില്‍ മാനസികാരോഗ്യ പ്രശ്‌നങ്ങളും മെറ്റബോളിക് പ്രവര്‍ത്തനങ്ങളിലെ തകരാറുകളും കൂടുതലായി കണ്ടതായി പറയുന്നു.
കൂടാതെ ഇത്തരം ആളുകളില്‍ മരണസാധ്യത 30 മുതല്‍ 50 ശതമാനം വരെ കൂടുതലാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. അമിത ഉറക്കത്തിന് പ്രധാന കാരണങ്ങളായി വിഷാദം, വിട്ടുമാറാത്ത രോഗങ്ങള്‍, ചില മരുന്നുകളുടെ ഉപയോഗം (ആന്റിഡിപ്രസന്റുകള്‍, ഉറക്കഗുളികകള്‍ തുടങ്ങിയവ) എന്നിവയെ പഠനം തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രത്യേകിച്ച് വിഷാദരോഗമുള്ളവര്‍ ദീര്‍ഘനേരം ഉറങ്ങുന്ന പ്രവണത കാണിക്കുന്നതായും റിപ്പോര്‍ട്ട് ചെയ്യുന്നു.
രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന സ്ത്രീകള്‍ ഒമ്പത് മണിക്കൂറോ അതില്‍ കൂടുതലോ ഉറങ്ങുന്നതായും പഠനം പറയുന്നു. പ്രമേഹം, ഹൈപ്പോതൈറോയിഡിസം, ഓട്ടോഇമ്മ്യൂണ്‍ ഡിസോര്‍ഡറുകള്‍, ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ തുടങ്ങിയ വിട്ടുമാറാത്ത അസുഖങ്ങള്‍ ശരീരത്തില്‍ കടുത്ത ക്ഷീണം ഉണ്ടാക്കുകയും അതുവഴി അമിത ഉറക്കത്തിലേക്ക് നയിക്കുകയുമാണെന്ന് വിദഗ്ധര്‍ പറയുന്നു. പതിവായി ഒമ്പത് മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങുന്നവര്‍ നിര്‍ബന്ധമായും വൈദ്യ സഹായം തേടണമെന്നും, പ്രശ്‌നങ്ങള്‍ മുന്‍കൂട്ടി കണ്ടെത്തി ചികിത്സ ആരംഭിക്കുന്നത് ആരോഗ്യപരമായി ഏറെ ഗുണകരമാണെന്നും പഠനം മുന്നറിയിപ്പ് നല്‍കുന്നു.
ആരോഗ്യകരമായ ഉറക്കത്തിനായി എല്ലാ ദിവസവും ഒരേ സമയത്ത് ഉറങ്ങുകയും എഴുന്നേല്‍ക്കുകയും ചെയ്യുക, സ്ഥിരമായ വ്യായാമം നടത്തുക, പോഷകസമൃദ്ധമായ ഭക്ഷണം ശീലമാക്കുക എന്നിവ അനിവാര്യമാണെന്നും ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശിക്കുന്നു.
