നടിയെ ആക്രമിച്ച കേസ്; പള്‍സര്‍ സുനിയടക്കമുള്ള ആറുപ്രതികള്‍ കുറ്റക്കാരെന്ന് കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയടക്കമുള്ള ആറുപ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. ഇവര്‍ക്കെതിരെ കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

എട്ടാം പ്രതിയായ നടന്‍ ദിലീപിനെ വെറുതെ വിട്ടു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ദിലീപിനെ വെറുതെവിട്ടുകൊണ്ടുള്ള വിധി പ്രസ്താവിച്ചത്.

കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തില്ലെങ്കിലും സംഭവത്തിന്റെ മുഖ്യ ആസൂത്രകന്‍ എന്ന് പ്രോസിക്യൂഷന്‍ ആരോപിക്കുന്ന എട്ടാം പ്രതിയായ ദിലീപിനെതിരെയും ബലാത്സംഗ കുറ്റം ചുമത്തിയിരുന്നു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗീസാണ് ആറു വര്‍ഷം നീണ്ട വിചാരണ പൂര്‍ത്തിയാക്കി കേസില്‍ വിധി പറഞ്ഞത്.

കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ആറു പ്രതികളടക്കം പത്തുപേരാണ് വിചാരണ നേരിട്ടത്. ആക്രമിക്കപ്പെട്ട നടിയോടുളള വ്യക്തിവിരോധത്തെത്തുടര്‍ന്ന് ബലാത്സംഗത്തിന് ക്വട്ടേഷന്‍ കൊടുത്തുവെന്നാണ് ദിലീപിനെതിരായ കേസ്.
കേസില്‍ വിചാരണക്കിടെ 28 സാക്ഷികളാണ് കൂറുമാറിയത്. 2017 ഫെബ്രുവരിയിലാണ് കൊച്ചിയില്‍ വെച്ച് ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ നടി ക്രൂരമായി ആക്രമിക്കപ്പെടുന്നത്. കേസില്‍ നേരത്തെ ജയിലിലായിരുന്ന ദിലീപും പള്‍സര്‍ സുനിയുമടക്കമുള്ള പ്രതികള്‍ ജാമ്യത്തില്‍ പുറത്തിറങ്ങുകയായിരുന്നു.