അലിബാഗിലെ കടലോര വിനോദ സഞ്ചാര മേഖലയിലാണ് ഇന്നലെ പുലിയിറങ്ങി നാല് പേരെ ആക്രമിച്ചത്. നാഗ്പൂരിൽ ഇറങ്ങിയ പുലിയെ മയക്ക് വെടിവച്ച് ഇന്ന് പിടികൂടിയിരുന്നു. പൂനെ നാസിക് നാഗ്പൂർ അഹല്യനഗർ ജില്ലകളിലാണ് പുലി ആക്രമണങ്ങൾ ഏറ്റവുമധികം റിപ്പോർട്ട് ചെയ്യുന്നത്. കാടിറങ്ങുന്ന പുലികളെ നേരിടാൻ എന്താണ് സർക്കാർ ചെയ്യുകയെന്ന ചോദ്യത്തിനാണ് നിയമ സഭയിൽ വനം മന്ത്രി ഗണേഷ് നായിക് മറുപടി പറഞ്ഞത്. ഭക്ഷണം തേടിയെത്തുന്ന പുലിയ തടയാൻ ഭക്ഷണം കാട്ടിലെത്തിക്കണം. ഇതാണ് പുതിയ പദ്ധതി. പുലി ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടാൽ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം. നാല് പേർ മരിച്ചാൽ ആകെ 1കോടി നഷ്ടപരിഹാരമായി ഖജനാവിൽ നിന്ന് പോവും. ഇതേ ഒരുകോടി ചെലവിട്ട് ആടുകളെ വാങ്ങി കാട്ടിലേക്ക് അയച്ചാൽ പുലി ശല്യം ഒരു പരിധി വരെ കുറയുമെന്നാണ് മന്ത്രി പറയുന്നത്. ഇക്കാര്യം നടപ്പാക്കാൻ വനം വകുപ്പിന് നിർദ്ദേശവും നൽകി കഴിഞ്ഞു. പുലികളെ വന്ധ്യംകരിക്കാനുള്ള നടപടിയും വനം വകുപ്പ് തുടങ്ങിയിട്ടുണ്ട്. ആദ്യഘട്ടം 4 പുലികളെയാണ് വന്ധ്യംകരിക്കുന്നത്.