നാവായിക്കുളം കുടവൂർ മുസ്ലീം ജമാഅത്തിൽ നിന്ന്,ആംബുലൻസ് കടത്തിയത് പതിമൂന്നും പതിനാലും വയസുള്ള വിദ്യാർത്ഥികൾ

കല്ലമ്പലം: നാവായിക്കുളം കുടവൂർ മുസ്ലീം ജമാഅത്തിൽ നിന്ന്,ആംബുലൻസ് കടത്തിയത് പതിമൂന്നും പതിനാലും വയസുള്ള വിദ്യാർത്ഥികളെന്ന് പൊലീസ്.
ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി 10.30ഓടെയാണ് പള്ളി വളപ്പിൽ നിന്ന് ആംബുലൻസ് കടത്തികൊണ്ടുപോയത്.

പള്ളിയും പരിസരവും നല്ല നിശ്ചയമുള്ളവരാണ് വിദ്യാർത്ഥികൾ.
ഇതിൽ ഒരാൾ പള്ളിയിൽ തന്നെ താമസിച്ച് മതപഠനം നടത്തുന്നയാളാണ്.
പിറ്റേ ദിവസം രാവിലെയെത്തിയ കമ്മിറ്റിക്കാർ ആംബുലൻസ് കാണാത്തതിനെ തുടർന്ന്,സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ആംബുലൻസ് രണ്ടുപേർ ചേർന്ന് കടത്തിയതാണെന്ന് മനസിലാക്കിയത്. തുടർന്ന് കല്ലമ്പലം പൊലീസിൽ പരാതി നൽകി.
പൊലീസെത്തി സി.സി ടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും, മോഷണം നടത്തിയത് വിദ്യാർത്ഥികൾ തന്നെയെന്ന് ഉറപ്പിക്കുകയും ചെയ്തു.
ഇതിനിടെ രണ്ട്‌ വിദ്യാർത്ഥികളെ കാണാനില്ലെന്ന് കാട്ടി മാതാപിതാക്കളും പൊലീസിൽ പരാതി നൽകി.
തുടർന്നുള്ള പൊലീസ് അന്വേഷണത്തിൽ,
ആംബുലൻസ് വർക്കല ഭാഗത്ത്‌ ഉപേക്ഷിച്ച് വിദ്യാർത്ഥികൾ ട്രെയിനിൽ പോയെന്ന് മനസിലാക്കി.

എസ്.ഐ പ്രശാന്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കോഴിക്കോട് പന്തീരങ്കാവ് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ബന്ധുവീട്ടിൽ നിന്ന് വിദ്യാർത്ഥികളെ കണ്ടെത്തി.
ഇവരുമായി പൊലീസ് സംഘം ഇന്നലെ വൈകിട്ടോടെ നാട്ടിലേക്ക് തിരിച്ചു.വർക്കലയിലെത്തി ആംബുലൻസ് കണ്ടെടുത്ത ശേഷം,കുട്ടികളെ കൂടുതൽ ചോദ്യം ചെയ്യും.വിദ്യാർത്ഥികളെ ജുവനൈൽ കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു..!