കൊല്ലം - ഇടവ കാപ്പിൽ കൃഷ്ണാകർ വീട്ടിൽ സായികൃഷ്ണൻ (26), കാപ്പിൽ നടയിൽ പടിഞ്ഞാറ്റതിൽ പാർത്ഥൻ (27) എന്നിവരാണ് പിടിയിലായത്. പൂതക്കുളം പഞ്ചായത്ത് ഓഫീസിനു സമീപം കെട്ടിട നിർമ്മാണ സാമഗ്രികൾ വാടകയ്ക്ക് നല്കുന്ന സ്ഥാപനത്തിനു മുന്നിൽ നിർത്തിയിട്ടിരുന്ന ബുള്ളറ്റാണ് പ്രതികൾ മോഷ്ടിക്കാൻ ശ്രമിച്ചത്.
2025 ഡിസംബർ 18 ന് പകൽ 12 മണിയോടേയായിരുന്നു സംഭവം. കടയുടമയുടേത് തന്നെയായിരുന്നു വാഹനം. കടയ്ക്കു മുന്നിൽ തന്നെ പാർക്ക് ചെയ്തിരുന്നതിൽ താക്കോൽ വാഹനത്തിൽ തന്നെയാണ് ഉണ്ടായിരുന്നത്. മറ്റൊരു വാഹനത്തിൽ എത്തിയ പ്രതികൾ പരിസരമാകെ ചുറ്റിക്കറങ്ങി നിരീക്ഷണം നടത്തിയ ശേഷം ബൈക്കുമായി കടന്നു കളയാൻ ശ്രമിക്കുകയായിരുന്നു. വണ്ടി സ്റ്റാർട്ട് ചെയ്യുന്ന ശബ്ദം കേട്ട് പുറത്തേക്കിറങ്ങിയ ഉടമ കടന്നുകളയാൻ ശ്രമിച്ച പ്രതിയെ പിന്നാലെ ഓടി പിടികൂടിയെങ്കിലും ഒന്നാം പ്രതിയായ പാർത്ഥൻ കയ്യിൽ കരുതിയിരുന്ന ആയുധം ഉപയോഗിച്ച് ഉടമയായ യുവാവിന്റെ തലയിൽ കുത്തി പരിക്കേൽപ്പിച്ച ശേഷം വാഹനവും ഉപേക്ഷിച്ചു, ദൂരെ ഇവരെത്തിയ വാഹനവുമായി കാത്തു നിന്ന രണ്ടാം പ്രതി സായി കൃഷ്ണനൊപ്പം രക്ഷപ്പെടുകയായിരുന്നു.
തുടർന്നു പരവൂർ പൊലീസ് പരവൂർ പാരിപ്പള്ളി റോഡിലെ സ്ഥാപനങ്ങളിലും പെട്രോൾ പമ്പുകളിലും സ്ഥാപിച്ചിട്ടുള്ള സി.സി ടിവി കാമറകൾ പരിശോധിച്ച് അന്വേഷണം നടത്തിയതിന്റെ അടിസ്ഥാനത്തിൽ പെട്രോൾ പമ്പിൽ നിന്നും ലഭിച്ച ദൃശ്യങ്ങളിൽ നിന്നും വാഹനം തിരിച്ചറിയുകയും കാപ്പിൽ സ്വദേശിയുടേതാണെന്ന് കണ്ടെത്തുകയും ചെയ്തു. തുടർന്ന് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികളെ സംഭവ സ്ഥലത്തെത്തിച്ചു തെളിവെടുപ്പ് നടത്തി. വൈദ്യ പരിശോധനയ്ക്കു ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
