ആറ്റിങ്ങൽ : നഗരസഭയുടെ കീഴിലെ ഠൗൺഹാളിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ 3 മാസത്തിനുള്ളിൽ പൂർത്തിയാക്കി പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കും.
ഇതിനായി കരാറു കമ്പനി പതിനിധികളും പൊതുമരാമത്തു വിഭാഗം ഉദ്യോഗസ്ഥരോടൊപ്പവും നഗരസഭാ ചെയർമാൻ എം. പ്രദീപ് സ്ഥലം സന്ദർശിച്ചു നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തി.
2017 ൻ്റെ പകുതിയോടെ കെട്ടിടം പുനർ നിർമ്മാണം ആരംഭിച്ചെങ്കിലും കോവിഡ് മഹാമാരിയെ തുടർന്ന് എല്ലാം അനിശ്ചിതത്വത്തിലായി.
തുടർന്നുണ്ടായ വിവിധ സാങ്കേതിക പ്രശ്നങ്ങളാൽ നിർമ്മാണം പ്രതിസന്ധിയിലായി.
എന്നാൽ പല ഘട്ടങ്ങളിലായി നിലവിൽ 90 ശതമാനം പണികൾ പൂർത്തിയായിരിക്കുകയാണ്.
കെട്ടിടത്തിൻ്റെ മുൻവശത്ത് നിർമ്മിക്കുന്ന പോർട്ടികോയുടെ പണികൾ ആരംഭിച്ചെന്നും, വാഹന പാർക്കിംഗ് ഉൾപ്പെടെ അത്യാധുനിക സൗകര്യങ്ങളോടെ 15000 സ്ക്വയർ ഫീറ്റിൽ ഒരുങ്ങുന്ന കെട്ടിടമാണ് ഠൗൺഹാളെന്നും എം.പ്രദീപ് അറിയിച്ചു.
