കൊല്ലം സ്വദേശി ഷിബുവിന്റെ ഹൃദയം നേപ്പാൾ സ്വദേശിനിയിൽ മിടിക്കും; ശസ്ത്രക്രിയ ജനറൽ ആശുപത്രിയിൽ, രാജ്യത്ത് ആദ്യം

കൊച്ചി: സംസ്ഥാനത്ത് വീണ്ടും അവയവമാറ്റ ശസ്ത്രക്രിയ. കൊല്ലം ചിറക്കര സ്വദേശി ഷിബു (47)വിന്റെ അവയവങ്ങള്‍ ഇനി മറ്റുള്ളവരിലൂടെ ജീവിക്കും. ഷിബുവിന്റെ ഹൃദയം, രണ്ട് വൃക്കകള്‍, രണ്ട് നേത്ര പടലങ്ങള്‍, ത്വക്ക് എന്നിവയാണ് ദാനം ചെയ്തത്. ഷിബുവിന്റെ ഹൃദയം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും. നേപ്പാള്‍ സ്വദേശിനി ദുര്‍ഗ കാമിക്ക് ഇനി ഷിബുവിന്റെ ഹൃദയം മിടിക്കും.

ദുര്‍ഗയ്ക്ക് ഹൃദയഭിത്തികള്‍ക്ക് കനം കൂടുന്ന ഹൈപ്പര്‍ ഹെര്‍ഡിക്ടറി കാര്‍ഡിയോ മയോപ്പതി രോഗം സ്ഥിരീകരിച്ചിരുന്നു. ഇതേ അസുഖം ബാധിച്ചാണ് ദുര്‍ഗയുടെ അമ്മയും സഹോദരിയും മരിച്ചത്. ഷിബുവിന്റെ ഹൃദയം മാറ്റിവെക്കുന്നതോടെ ദുര്‍ഗ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്നാണ് പ്രതീക്ഷ.
വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ ഷിബുവിന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു. പത്തുമണിക്ക് ഹൃദയം പുറത്തെടുക്കാനുള്ള ശസ്ത്രക്രിയ ആരംഭിക്കും. ശേഷം റോഡ് മാർഗം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിക്കുകയും അവിടെ നിന്ന് എയർ ആംബുലൻസിൽ കൊച്ചി ഹയാത്തിലെത്തിക്കുകയും ചെയ്യും. അവിടെ നിന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ ആംബുലൻസ് മാർഗം ഹൃദയം എത്തിക്കും.

രാജ്യത്ത് ആദ്യമായാണ് ഒരു സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍ ഹൃദയം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നടക്കുന്നത്. മാത്രവുമല്ല കേരളത്തില്‍ ആദ്യമായാണ് ഒരാള്‍ ത്വക്ക് ദാനം ചെയ്യുന്നതും. നിലവില്‍ ത്വക്ക് സ്‌കിന്‍ ബാങ്കില്‍ സൂക്ഷിക്കും.