ആഷസ് പരമ്പരയിലെ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ആശ്വാസവിജയം സ്വന്തമാക്കിയിരിക്കുകയാണ് ഇംഗ്ലണ്ട്. മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ നാല് വിക്കറ്റിനാണ് ഇംഗ്ലണ്ട് ആതിഥേയരെ കീഴടക്കിയത്. ആദ്യ മൂന്ന് മത്സരങ്ങളും പരാജയപ്പെട്ട ഇംഗ്ലണ്ടിന് നേരത്തെ തന്നെ പരമ്പര നഷ്ടമായിരുന്നു. മെൽബണിൽ ഏഴ് വിക്കറ്റ് വീഴ്ത്തിയ ജോഷ് ടോംഗ് കളിയിലെ താരമായി.നാലാം മത്സരത്തിലെ വിജയത്തോടെ 15 വർഷം നീണ്ട കാത്തിരിപ്പിനാണ് ഇംഗ്ലണ്ട് വിരാമം കുറിച്ചിരിക്കുന്നത്. 15 വർഷത്തിന് ശേഷമാണ് ഇംഗ്ലണ്ട് ഓസ്ട്രേലിയയിൽ ഒരു ആഷസ് മത്സരം വിജയിക്കുന്നത്. 2011 ജനുവരി മാസത്തിൽ സിഡ്നി ഗ്രൗണ്ടിൽ ഒരു കളി വിജയിച്ചതിന് ശേഷം ഇതുവരെ ഇംഗ്ലണ്ട് ഓസ്ട്രേലിയയിൽ ഒരു ആഷസ് മത്സരം വിജയിച്ചിരുന്നില്ല. 16 പരാജയവും രണ്ട് സമനിലയുമായിരുന്നു ഇംഗ്ലണ്ടിന്റെ സമ്പാദ്യം.ആദ്യ ദിനം ഇരു ടീമുകളുടെയും പത്ത് വിക്കറ്റുകൾ വീണ മത്സരത്തിൽ രണ്ടാം ദിനത്തിൽ ഓസ്‌ട്രേലിയ രണ്ടാം ഇന്നിങ്സിൽ 132 റൺസിന് ഓൾ ഔട്ടായിരുന്നു. 42 റൺസിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡുമായി ഇറങ്ങിയ ഓസീസിന് ആകെ 174 റൺസിന്റെ ലീഡാണ് ഉണ്ടായിരുന്നത്. ഇംഗ്ലണ്ട് അത് ആറ് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു.